തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് രണ്ട് ദിവസം കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം. വ്യത്യസ്‌തമായ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളി യുവാവ്. ‘തോറ്റവർ സൃഷ്‌ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നത്‘ എന്ന കുറിപ്പോടെ മുന്നോട്ടുവച്ച ഓഫറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
കഴിഞ്ഞ 15 വർഷമായി കുടുംബത്തോടൊപ്പം കൊടൈക്കനാലിൽ താമസിക്കുന്ന കോഴിക്കോട്, വടകര സ്വദേശിയായ സുധിയാണ് ഈ ഓഫർ മുന്നോട്ട് വെച്ചത്. ഹാമോക്ക് എന്ന പേരിൽ ഹോംസ്‌റ്റേ ബിസിനസ് നടത്തുകയാണ് സുധി. “ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ പൊരുതി തോറ്റവർ ആണോ നിങ്ങൾ? നിങ്ങളെ സ്‌നേഹപൂർവം കൊടൈക്കനാലിലേക്ക് ക്ഷണിക്കുന്നു,“- സുധി ഫേസ്ബുക്കിൽ കുറിച്ചു.
കുടുംബത്തിനും ഈ ഓഫർ ബാധകമാണ്. വരുമ്പോൾ തോറ്റു എന്ന് തെളിയിക്കുന്ന മാർക്ക് ലിസ്‌റ്റ് കൂടി കയ്യിൽ കരുതണം. ഈ മാസം അവസാനം വരെയാണ് ഓഫർ.
Most Read: പൊന്നും പണവും വേണ്ട, ഇവളാണ് ധനം; ആലപ്പുഴയിൽ നിന്നൊരു വിവാഹ മാതൃക