കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തരായ തായിനേരിയിലെ ടി അമൽ, മൂരിക്കൊവ്വലിലെ എംവി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
പയ്യന്നൂരിലെ ബ്ളോക്ക് കോൺഗ്രസ് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയാണ് വെട്ടി മാറ്റിയത്. വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയിൽ വച്ച നിലയിലായിരുന്നു. കേസിൽ രണ്ടാഴ്ച പിന്നിട്ടും പ്രതികളെ പിടികൂടിയില്ലെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ഉൾപ്പടെ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം കേസിൽ പ്രതികൾ സിപിഎം പ്രവര്‍ത്തകരായതിനാലാണ് പോലീസ് നടപടി ഉണ്ടാകാത്തതെന്ന് ആരോപണം ഉയർന്നിരുന്നു. സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന ആക്രമണം നടത്തിയ സിപിഎം പ്രവർത്തകരെ പോലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഗാന്ധി പ്രതിമ തകർത്തതോടെ സിപിഎമ്മും ആർഎസ്എസും തമ്മിൽ ഇനിയെന്ത് വത്യാസമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു.
Most Read: ‘അക്രമം തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകും’; വീണ്ടും വിവാദ പ്രസംഗവുമായി കോൺഗ്രസ് നേതാവ്