റായ്‌പൂർ: കോൺഗ്രസ് ചരിത്രത്തിലെ 85ആംമത് പ്‌ളീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കൃഷി, സാമൂഹികം, നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും. പത്തരയ്ക്ക് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും. തുടർന്നുള്ള പ്രതിനിധി സമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെ നന്ദി രേഖപ്പെടുത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പൊതുസമ്മേളനത്തോടെ പ്‌ളീനറി സമാപിക്കും.
വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടു വിശാല പ്രതിപക്ഷ സഖ്യത്തിന് സന്നദ്ധത പ്രഖ്യാപിച്ചുള്ള പ്രമേയമാണ് സമ്മേനത്തിൽ കോൺഗ്രസ് അവതരിപ്പിച്ചത്.
മൂന്നാം മുന്നണി സാധ്യത തള്ളിയ രാഷ്‌ട്രീയപ്രമേയം ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ സമാനമനസുള്ള ഏത് പാർട്ടിയുമായും കൈകോർക്കുമെന്നും വ്യക്‌തമാക്കിയിരുന്നു. അധികാരത്തിലേറിയാൽ ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുമെന്നാണ് കോൺഗ്രസിന്റെ ആദ്യ പ്രഖ്യാപനം.
മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമാണം നടത്തുമെന്നും ജുഡീഷ്യറിയുടെ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പ് വരുത്തുമെന്നും മറ്റു പ്രമേയങ്ങളിൽ പാർട്ടി വ്യക്‌തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകുന്ന കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദ് ചെയ്യുമെന്നും കോൺഗ്രസ് വാഗ്‌ദാനം ചെയ്യുന്നു.
പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനായി ഡേറ്റ പ്രൊട്ടക്ഷൻ നിയമം കൊണ്ടുവരും. നഗരങ്ങളിൽ പ്രത്യേക തൊഴിൽ പദ്ധതി കൊണ്ടുവരുമെന്നും പ്‌ളീനറി സമ്മേളനത്തിൽ അവതരിപ്പിച്ച വിവിധ പ്രമേയങ്ങളിൽ കോൺഗ്രസ് വ്യക്‌തമാക്കി.
അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളുടെ പ്രഖ്യാപനം വൈകുമെന്നാണ് സൂചന. അംഗങ്ങളെ അന്തിമമായി നിശ്‌ചയിക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്താനാണ് തീരുമാനം. പ്രധാന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ ആശയവിനിമയം നടത്തും. പ്രവർത്തക സമിതി പ്രഖ്യാപനത്തിൽ വിവാദം ഒഴിവാക്കുകയാണ് ലക്ഷ്യം. പ്‌ളീനറി സമ്മേളനത്തിൽ പ്രവർത്തക സമിതി അംഗങ്ങളെ പ്രഖ്യാപിക്കില്ല.
Most Read: ‘നിതീഷ് കുമാർ പ്രധാനമന്ത്രി സ്‌ഥാനമോഹി’; പരിഹസിച്ച് അമിത് ഷാ








































