എംടിക്ക് അന്ത്യാജ്‌ഞലി അർപ്പിച്ച് കേരളം; പൊതുദർശനം ഒഴിവാക്കും, സംസ്‌കാരം വൈകിട്ട്

എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്‌ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

By Senior Reporter, Malabar News
MT Vasudevan Nair

കോഴിക്കോട്: ‘കാറ്റത്ത് തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം’ എന്നെഴുതിയ എംടി, ഒരു തിരിനാളം പോലെ അക്ഷരങ്ങൾക്കൊണ്ട് പ്രകൃതിയിൽ പ്രകാശം പരത്തിയാണ് പടിയിറങ്ങുന്നത്. മലയാള ഭാഷയെ നെറുകയിലെത്തിച്ച മഹാപ്രതിഭയായിരുന്നു എംടി.

ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അന്തരിച്ച എംടിയുടെ മൃതദേഹം സ്വവസതിയായ സിതാരയിലേക്ക് കൊണ്ടുപോയി. എംടിക്ക് അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ആളുകൾ എത്തുന്നുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് മാവൂർ പൊതു ശ്‌മശാനത്തിൽ.

എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കും. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്‌ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വിടവാങ്ങിയത് മലയാളത്തെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്‌ടമാണ്. സംസ്‌കാരത്തെ ഉയർത്തിക്കാട്ടാൻ എംടി ചെയ്‌ത സേവനം മറക്കാൻ കഴിയില്ല. എംടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടൻ മോഹൻലാൽ രാത്രി വസതിയിലെത്തി എംടിയെ അവസാനമായി കണ്ടു. എംടിയുടെ നിരവധി തിരക്കഥകൾ സംവിധാനം ചെയ്‌ത ഹരിഹരൻ മൃതദേഹം കണ്ട് വിതുമ്പി. എംടിയുടെ മികച്ച കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് മോഹൻലാൽ അനുസ്‌മരിച്ചു.

”സിനിമാ ജീവിതത്തിൽ എംടി ഏറ്റവും നല്ല കഥാപാത്രങ്ങളെ എനിക്ക് തന്നു. എന്റെ സംസ്‌കൃത നാടകങ്ങൾ കാണാൻ അദ്ദേഹം ബോംബെയിൽ വന്നിരുന്നു. കോഴിക്കോട് വരുമ്പോഴൊക്കെ അദ്ദേഹത്തെ കാണുമായിരുന്നു. എംടിയുടെ തൂലികയിലൂടെ സൃഷ്‌ടിച്ചെടുത്ത ഒരുപാട് നല്ല കഥാപാത്രങ്ങളെ അഭിനയിക്കാൻ സാധിച്ചു”-മോഹൻലാൽ പറഞ്ഞു.

നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്‌തരൂപങ്ങളിലും മുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ളാസിക്കുകളിൽ ഒന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പടെ ആറ് സിനിമകളും രണ്ട് ഡോക്യൂമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്‌.

പാലക്കാട് വിക്‌റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്‌തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി.1958ല്‍ ആദ്യമായി പുസ്‌തക രൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ നാലുകെട്ടിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചതോടെയാണ് മലയാള സാഹിത്യ ലോകത്തെ രാജകീയ സിംഹാസനത്തിലേക്കുള്ള പ്രവേശനം സാധ്യമായത്.

പിന്നീടിങ്ങോട്ട്, പത്‌മഭൂഷൺ, ജ്‌ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, ജെസി ഡാനിയൽ പുരസ്‌കാരം, കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭാ പുരസ്‌കാരം, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങി ആയിരത്തിലധികം പുരസ്‌കാരങ്ങളാണ് സാഹിത്യ, സിനിമാ ലോകത്ത് നിന്നു ഇദ്ദേഹത്തെ തേടിയെത്തിയത്.

Related News| എംടി പടിയിറങ്ങി; അന്തിമോപചാരം വൈകിട്ടു നാലു വരെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE