ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ 80ലേറെ സൈനികരും പോലീസ് ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി 12ലധികം ഇടങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്.
പോരാട്ടത്തിന്റെ രണ്ടാംഘട്ടമായ ‘ഓപ്പറേഷൻ ഹൈറോഫ് 2’ ആരംഭിച്ചതായി ബിഎൽഎ നേതൃത്വം പ്രഖ്യാപിച്ചു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി പുതിയ ഘട്ടം എന്നാണ് ബിഎൽഎ നേതാക്കളുടെ പ്രതികരണം. പത്ത് മണിക്കൂറിനുള്ളിൽ നടന്ന ആക്രമണങ്ങളിൽ സുരക്ഷാ, സൈനിക ഭരണപരമായ സ്‌ഥാപനങ്ങളെ ലക്ഷ്യമിട്ടെന്നും ബിഎൽഎ അവകാശപ്പെട്ടു.
അഞ്ച് ജില്ലകളിലായി 12ലധികം കേന്ദ്രങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. പ്രവിശ്യാ തലസ്‌ഥാനമായ ക്വറ്റയ്‌ക്ക് പുറമെ പാസ്‌നി, മസ്‌തൂങ്, നുഷ്‌കി, ഗ്വാദർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ബിഎൽഎയുടെ ആക്രമണം.
ആക്രമണത്തെ തുടർന്ന് പ്രവിശ്യയിലുടനീളം സുരക്ഷ കർശനമാക്കി. പ്രധാന നഗരങ്ങളിൽ സേനാ വിഭാഗങ്ങളെ വിന്യസിച്ചു. സാധാരണക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്‌ഥ തുടരുകയാണ്. ധാതുസമ്പന്നമായ ബലൂചിസ്‌ഥാനിൽ ദശാബ്‌ദങ്ങളായി തുടരുന്ന വിഘടനവാദി പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണവും.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ







































