കുമ്പള: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം ജനകീയ പ്രക്ഷോഭത്തിന്റെ വിജയം. ടോൾ പ്ളാസയുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധം ശക്‌തമാവുകയും നിയമപോരാട്ടവുമായി ടോൾപ്ളാസ വിരുദ്ധസമിതി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തതോടെയാണ് പ്രവർത്തനം നിർത്താൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്.
ടോൾ പിരിക്കുന്നതിനെതിരെ ജനകീയ സമരസമിതി ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹരജി ഈമാസം 11ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നടപടി. ഇതോടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ ദേശീയപാതയിൽ ആരിക്കാടിയിലും തലപ്പാടിയിലും ടോൾ നൽകേണ്ടിവരുന്ന ബാധ്യതയിൽ നിന്ന് വാഹനയാത്രക്കാർ ഒഴിവാക്കപ്പെടും. ഇനി തലപ്പാടിയിൽ മാത്രം ടോൾ നൽകിയാൽ മതിയാകും.
ആരിക്കാടി ടോൾ പ്ളാസയുടെ പ്രവർത്തനം 48 മണിക്കൂറിനകം അവസാനിപ്പിക്കുമെന്ന് കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചതായി ബിജെപി ജില്ലാ പ്രസിഡണ്ട് എംഎൽ. അശ്വിനി അറിയിച്ചു. ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറെ അറിയിക്കുകയും പ്രസിഡണ്ട് തന്നെ വിവരം ഞങ്ങളെ അറിയിച്ചുവെന്നും അശ്വിനി പറഞ്ഞു.
ടോൾ പ്ളാസ പ്രശ്‌നത്തിൽ ബിജെപി നിരന്തരം ഇടപെട്ടിരുന്നതായും ബന്ധപ്പെട്ടവർക്കെല്ലാം പലതവണ കത്തയച്ചിരുന്നുവെന്നും ജില്ലാ കമ്മിറ്റി നൽകിയ കത്ത് മാനിച്ച് സംസ്‌ഥാന പ്രസിഡണ്ട് ഇടപെടുകയും പ്രധാനമന്ത്രിയുടെ ഉൾപ്പടെ ശ്രദ്ധയിൽ പെടുത്തിയതായും അശ്വിനി പറഞ്ഞു. ടോൾ പിരിക്കുന്നത് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയോടെ ഉത്തരവ് ഇറങ്ങുമെന്നാണ് അറിയാൻ സാധിച്ചതെന്നും അശ്വിനി പറഞ്ഞു.
പ്രതിഷേധങ്ങൾക്കിടെ ജനുവരി 12 മുതലാണ് ആരിക്കാടി ടോൾ പ്ളാസയിൽ ചുങ്കം പിരിക്കാൻ തുടങ്ങിയത്. പിറ്റേന്ന് മുതൽ എകെഎം. അഷ്‌റഫ് എംഎൽഎയുടെ നേതൃത്വത്തിൽ അനിശ്‌ചിതകാല സമരം തുടങ്ങി. 15ന് രാത്രി ടോൾ പ്ളാസയിലേക്ക് പ്രതിഷേധവുമായി വിവിധ സംഘടനകൾ എത്തിയതോടെ സംഘർഷമുണ്ടായി. ക്യാമറകളും ടിക്കറ്റ് കൗണ്ടർ ഉൾപ്പടെ തകർത്തു. നൂറിലേറെ പേർക്കെതിരെയാണ് കേസെടുത്തത്.
പിറ്റേന്ന് സമരം ചെയ്യാനെത്തിയ എംഎൽഎ ഉൾപ്പടെയുള്ളവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് സമരപ്പന്തൽ പൊളിച്ചുനീക്കി. തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കലക്‌ടറേറ്റ് മാർച്ച് ഉൾപ്പടെ നടത്തി. വിഷയം എകെഎം. അഷ്‌റഫ് നിയമസഭയിൽ ഉന്നയിക്കുകയും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ


































