തിരുവനന്തപുരം: കാറിടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന നടൻ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോനയ്ക്ക് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് രാവിലെയാണ് മണിയൻപിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധന പൂർത്തിയാക്കുകയായിരുന്നു.
നടനെ വിട്ടയച്ചതിന് പിന്നാലെ ഇന്നലെ അപകടത്തിനിടയാക്കിയ കാർ കണ്ടെത്തി. വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിന് ശേഷം ടെന്നീസ് ക്ളബിന്റെ ഭാഗത്തേക്കാണ് രാജു പോയത്. അവിടെനിന്ന് പിന്നീട് വീട്ടിലേക്ക് പോയി. കാറിന്റെ മുൻവശത്തെ ബമ്പർ പൂർണമായി തകർന്ന നിലയിലാണ്.
ജീവഹാനി വരാവുന്ന രീതിയിൽ വാഹനമോടിച്ചു, ഇടിച്ചിട്ട് വാഹനം നിർത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല എന്നിങ്ങനെ മൂന്ന് കുറ്റങ്ങളാണ് എഫ്ഐആറിൽ മണിയൻപിള്ള രാജുവിനെതിരെ ചുമത്തിയത്. അതേസമയം, ബൈക്ക് തന്റെ കാറിൽ വന്നിടിക്കുകയായിരുന്നു എന്നും സിസിടിവി പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ മണിയൻപിള്ള രാജു പറഞ്ഞു.
ഇന്നലെ രാത്രി പത്തുമണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ളബിന് മുന്നിൽ വെച്ചായിരുന്നു അപകടം. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. നിവേദിതിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. നിവേദിതിന് വൈകാതെ ശസ്ത്രക്രിയ നടത്തും. സൂരജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. സംഭവത്തിൽ പരാതിയുണ്ടെന്ന് യുവാക്കളുടെ ബന്ധുക്കൾ അറിയിച്ചു.
Most Read| രഹസ്യ ഡീലുമായി ബംഗ്ളാദേശ്; യുഎസുമായി വ്യാപാരക്കരാറിൽ ഈമാസം ഒമ്പതിന് ഒപ്പിടും






































