കൊച്ചി: ബെംഗളൂരു സ്വദേശി സൂരജ് ലാമ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എസ്ഐടിക്ക് ഹൈക്കോടതി നിർദ്ദേശം. ഡിഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്‌ഥൻ അന്വേഷിക്കണമെന്നും ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്‌റ്റർ ചെയ്യാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
സൂരജ് ലാമ കൊല്ലപ്പെടുകയായിരുന്നോ എന്നതും തള്ളിക്കളയാനാവില്ല. ലാമ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയത് മുതലുള്ള കാര്യങ്ങളായിരിക്കണം പ്രത്യേകാന്വേഷണ സംഘം അന്വേഷിക്കേണ്ടതെന്ന് ജസ്‌റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എംബി സ്‌നേഹലത എന്നിവരുടെ ബെഞ്ച് പറഞ്ഞു. അന്വേഷണ റിപ്പോർട് മൂന്നാഴ്‌ചയ്‌ക്കുള്ളിൽ സമർപ്പിക്കണം.
ഒരു ഇന്ത്യക്കാരനും കേരളത്തിൽ വെച്ച് ഇത്തരമൊരു ഗതി ഉണ്ടാകരുത് എന്നതുകൊണ്ടാണ് അന്വേഷിക്കാൻ നിർദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത് മുതൽ പോലീസ് കസ്‌റ്റഡിയിൽ എടുത്തതും കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതും അടക്കം എല്ലാ കാര്യങ്ങളും അന്വേഷണത്തിൽ ഉൾപ്പെടുത്തണം.
സൂരജിന് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ശ്രമമാണ് അന്വേഷണം. അത് അദ്ദേഹത്തിന്റെ കുടുംബത്തിനും അറിയേണ്ടതുണ്ട്. അവർക്കും നീതി കിട്ടണമെന്നും കോടതി പറഞ്ഞു. മകന് അച്‌ഛനെയും ഭാര്യക്ക് ഭർത്താവിനെയുമാണ് നഷ്‌ടപ്പെട്ടത്. അവർക്കുണ്ടായ നഷ്‌ടം പരിഹരിക്കാൻ കഴിയാത്തതും അസഹനീയവുമാണ്. ലാമയെ കാണാനില്ലെന്ന് കാട്ടി കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ.
കുവൈത്ത് വ്യാജമദ്യ ദുരന്തത്തെ തുടർന്ന് ഓർമ നഷ്‌ടപ്പെട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമയെ അധികൃതർ കഴിഞ്ഞ ഒക്‌ടോബർ നാലിന് കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ഒക്‌ടോബർ അഞ്ചിന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ലാമ, അവിടെ നിന്ന് പുറത്തുകടക്കുകയും പിന്നീട് പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.
മനോനില തെറ്റിയതുപോലെ പെരുമാറിയതിനാൽ ഒക്‌ടോബർ പത്തിന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും കുറച്ചു സമയത്തിനുള്ളിൽ ഇവിടെ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ലാമയെ ആരും കണ്ടിട്ടില്ല. നവംബർ 30ന് കളമശേരി എച്ച്എംടിക്ക് സമീപം കാട്ടിൽ മുഖം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലാണ് ലാമയെ കണ്ടെത്തിയത്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!






































