തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്‌ഥാനം രാജിവെച്ച് സിപിഎം നേതാവ് പികെ. ശശി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് പിൻമാറി. സിപിഎം നേതൃത്വവുമായി പികെ. ശശി കുറച്ചു നാളുകളായി അകൽച്ചയിലായിരുന്നു. എന്നാൽ, രാജി വ്യക്‌തിപരമെന്നാണ് വിശദീകരണം.
കോൺഗ്രസിലേക്ക് പോകുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പികെ. ശശിയുടെ രാജിയെന്നതും ശ്രദ്ധേയമാണ്. അതേസമയം. ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായി മൽസരിക്കുമെന്നും സൂചനകളുണ്ട്. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് എടുക്കണമെന്ന ആവശ്യം പാർട്ടി തള്ളിയതിനെ തുടർന്നാണ് പികെ. ശശിയുടെ രാജിയെന്നാണ് വിവരം.
ഇതിന് പുറമെ തന്നോടൊപ്പം നടപടി നേരിട്ടവരെ തിരിച്ചെടുക്കണമെന്ന ആവശ്യവും പാർട്ടി അംഗീകരിച്ചിരുന്നില്ല. നേരത്തെ, പലതരത്തിലുള്ള സമവായ ചർച്ചകൾ പികെ. ശശിയുമായി സിപിഎം നടത്തിയിരുന്നു. ഇതിലൊന്നും പ്രശ്‌നങ്ങളിൽ പരിഹരം ഉണ്ടാകാത്തതിനെ തുടർന്നാണ് രാജിയെന്നാണ് വിവരം.
സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വീടിന് മുന്നിലൂടെ കടന്നുപോയിട്ടും സ്വീകരണത്തിൽ പങ്കെടുക്കാതെ പികെ. ശശി വിട്ടുനിന്നിരുന്നു. അകന്ന് നിൽക്കുന്ന ശശിയെ അനുനയിപ്പിക്കാൻ വിളിക്കുക പോലും ചെയ്യാതെ പാർട്ടിയും അകൽച്ച പാലിച്ചു. കടുത്ത പനി മൂലമാണ് വിട്ടുനിന്നതെന്ന് ശശി പിന്നീട് പറഞ്ഞെങ്കിലും, ജില്ലാ നേതൃത്വത്തോടുള്ള അതൃപ്‌തി വ്യക്‌തമാക്കിയിരുന്നു.
പികെ. ശശി യുഡിഎഫിലേക്ക് ചേക്കേറുമെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായി മൽസരിക്കുമെന്നും അഭ്യൂഹമുള്ള സാഹചര്യത്തിൽ ജാഥയിലെ അസാന്നിധ്യം ചർച്ചയായി. ശശിയുമായി പാർട്ടിക്ക് പ്രശ്‌നങ്ങൾ ഉണ്ടെന്നും അതുകൊണ്ടാണ് ബ്രാഞ്ചിൽ തുടരുന്നതെന്നും എംവി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു. വിഭാഗീയതയെ തുടർന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയെങ്കിലും കെടിഡിസി ചെയർമാൻ സ്‌ഥാനത്ത് നിന്ന് മാറ്റിയിരുന്നില്ല. സംസ്‌ഥാന നേതൃത്വത്തിന്റെ അനുഭാവമായിരുന്നു കാരണം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ശശിയെ അനുകൂലിക്കുന്നവർ എന്ന പേരിൽ സിപിഎമ്മിലെ ഒരു വിഭാഗം യുഡിഎഫ് പിന്തുണയോടെയും അല്ലാതെയും മൽസരിച്ചത് പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. എങ്കിലും പരിഭവങ്ങൾ മറന്ന് ശശി സംസ്‌ഥാന സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുക്കുമെന്നാണ് കരുതിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ശശിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർക്ക് ഉണ്ടായിരുന്നത്.
അഴിമതി ആരോപണങ്ങളെ തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നാണ് പികെ. ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയത്. ഇതിന് ശേഷം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. പിന്നാലെയാണ് സാമ്പത്തിക ആരോപണങ്ങൾ ഉയർന്നത്. പിന്നീട് വീണ്ടും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. ശശിക്കൊപ്പം ഉണ്ടായിരുന്ന പല പ്രവർത്തകർക്കും സഹകരണ മേഖലയിൽ നിന്നടക്കം ജോലി നഷ്‌ടപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായി.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല




































