ന്യൂഡെൽഹി: ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം ശക്‌തമാക്കാനും വിപുലീകരിക്കാനും തയ്യാറെടുത്ത് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായാണ് ഇന്ത്യയുടെ നീക്കം. ഈമാസം 25, 26 തീയതികളിലാണ് മോദിയുടെ ഇസ്രയേൽ സന്ദർശനം.
ബാലിസ്‌റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ലേസർ ആയുധങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവ സംയുക്‌തമായി വികസിപ്പിക്കുന്നത് പ്രതിരോധ സഹകരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായി നടക്കുന്നുണ്ട്. സുരക്ഷാ സഹകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിട്ടേക്കും. എന്നാൽ, പ്രതിരോധ കരാറിൽ ധാരണ ഉണ്ടാക്കിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര പ്രതിരോധ സെക്രട്ടറി ആർകെ. സിങ് കഴിഞ്ഞ നവംബറിൽ നടത്തിയ ഇസ്രയേൽ സന്ദർശന വേളയിലാണ് പ്രതിരോധ സഹകരണം ഊട്ടിയുറപ്പിച്ചത്. ഈ സന്ദർശന വേളയിലാണ് വിപുലീകരിച്ച പ്രതിരോധ സഹകരണത്തെ കുറിച്ചുള്ള ധാരണാപത്രം ഒപ്പിട്ടത്. ഇന്ത്യ ഇസ്രയേലുമായി ചേർന്ന് ബാലിസ്‌റ്റിക് മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നത് പരിഗണിക്കുന്നുവെന്നതാണ് പ്രധാനം.
മിഷൻ സുദർശന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം. ശത്രുക്കളുടെ ദീർഘദൂര മിസൈലുകളിൽ നിന്ന് ഇന്ത്യൻ ഉൾപ്രദേശങ്ങളെ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രധാനമന്ത്രി മോദിയാണ് മിഷൻ സുദർശൻ പ്രഖ്യാപിച്ചത്. മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഇസ്രയേൽ മുൻനിരയിലാണ്. കഴിഞ്ഞ ജൂണിൽ ഇറാൻ വിക്ഷേപിച്ച ബാലിസ്‌റ്റിക് മിസൈലുകളിൽ 98 ശതമാനവും ഇസ്രയേലിന് തടയാനായിരുന്നു.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!






































