കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഉൽഘാടന തീയതി മാറ്റി. മാർച്ച് ഒന്നിലേക്കാണ് മാറ്റിയത്. ഈസം 25ന് ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി 178 വീടുകളുടെ ഉൽഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, ഇത് മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. തീയതി മാറ്റത്തിന്റെ കാരണം വ്യക്‌തമല്ല. ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്‌തിട്ടുള്ള ടൗൺഷിപ്പിന്റെ പൂർണമായും വീട് നഷ്‌ടമായ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നൽകുന്നത്.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗൺഷിപ്പ് നിർമിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്‌റ്റൺ എസ്‌റ്റേറ്റിലെ 64.4705 ഹെക്‌ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. 2025 മാർച്ച് 27നാണ് മുഖ്യമന്ത്രി ടൗൺഷിപ്പിന് തറക്കല്ലിട്ടത്. ടൗൺഷിപ്പിന്റെ ശേഷിച്ച നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ വീടുകൾ ലഭിക്കുന്നവരുടെ നറുക്കെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായിരുന്നു.
410 വീടുകളുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന. 1000 ചതുരശ്ര അടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്‌റ്റഡി റൂം, സൈനിങ്, അടുക്കൽ, സ്‌റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Most Read| ‘ഉടൻ രാജ്യം വിടണം’; ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർക്ക് കർശന മുന്നറിയിപ്പ്







































