ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, നാശനഷ്ടങ്ങൾക്ക് പരിഹാരം വേണം, തുടർ അക്രമങ്ങൾ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തിലെ ഉറപ്പ് എന്നീ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചത്.
ഉപാധികൾ യുഎസും ഇസ്രയേലും അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂ എന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെയും റഷ്യയിലെയും ഭരണകൂടങ്ങളുമായി താൻ സംസാരിച്ചു. മേഖലയിൽ സമാധാനം പുലരണമെന്നാണ് തന്റെയും നിലപാട്. ഇന്നലെ, തങ്ങൾ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ഇറാൻ ഉപാധികൾ പരസ്യമായി പ്രഖ്യാപിക്കുന്നത്. അതേസമയം, നിബന്ധനകളോട് യുഎസും ഇസ്രയേലും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ, ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങൾ നിർത്തണമെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കി.
ബഹ്റൈൻ, ഒമാൻ, ഖത്തർ, ജോർദാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. അതിനിടെ, ഇറാഖിലെ തുറമുഖത്തിൽ രണ്ട് വിദേശ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായി. ഒരാൾ കൊല്ലപ്പെട്ടതായും 38 പേരെ രക്ഷപ്പെടുത്തിയതായും ഇറാഖ് സൈന്യം അറിയിച്ചു. ഇറാഖിന്റെ സമുദ്ര പരിധിയിലാണ് ആക്രമണം ഉണ്ടായത്.
Most Read| പാചകവാതക ക്ഷാമം; ഇന്ത്യയുടെ ദീർഘവീക്ഷണം എവിടെയാണ്?






































