ടെഹ്റാൻ: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. പാക്കിസ്ഥാൻ സ്വദേശിയാണ് മരിച്ച മറ്റൊരാൾ. പരിക്കേറ്റ മൂന്ന് പേരിലും ഒരു ഇന്ത്യക്കാരനുണ്ട്. യുഎഇ, ജോർദാൻ സ്വദേശികളാണ് പരിക്കേറ്റ മറ്റുള്ളവർ.
അതിനിടെ, തീരദേശ നഗരമായ ബന്ദർ അബ്ബാസിൽ യുഎസും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ നാവികസേനാ കമാൻഡർ അലിറേസ തങ്സിരി കൊല്ലപ്പെട്ടതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിന് പിന്നിലെ പ്രധാനി അലിറേസ തങ്സിരി ആയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, അലിറേസ തങ്സിരി കൊല്ലപ്പെട്ടെന്ന് ഇറാനോ ഇസ്രയേൽ സൈന്യമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2018 മുതൽ കമാൻഡറായി സേവനമനുഷ്ഠിക്കുന്ന അലിറേസ തങ്സിരി, യുഎസിന്റെയും ഇസ്രയേലിന്റെയും വധശ്രമങ്ങളിൽ നിന്ന് പലതവണ രക്ഷപ്പെട്ടിട്ടുള്ളയാളാണ്.
യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉൾപ്പടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും സൈനിക കമാൻഡർമാരും യുഎസ്-ഇസ്രയേൽ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈമാസം ആദ്യം കൊല്ലപ്പെട്ട അലി ലാരിജാനിയുടെ മരണം ഇറാന് വലിയ തിരിച്ചടിയായിരുന്നു.
Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്ജെൻഡർ ബിൽ പാസാക്കി









































