ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം മാസത്തേക്ക് കടക്കവേ, സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. യുദ്ധത്തിൽ പങ്കുചേർന്നിരിക്കുകയാണ് യെമനിലെ ഇറാന്റെ പിന്തുണയുള്ള സായുധ സംഘമായ ഹൂതികൾ. തെക്കൻ ഇസ്രയേലിലേക്ക് ഹൂതികൾ മിസൈൽ തൊടുത്തു. സംഘർഷം തുടങ്ങിയ ശേഷം ആദ്യമായാണ് ഹൂതികൾ ഇസ്രയേലിനെ ആക്രമിക്കുന്നത്.
ഹൂതികൾ വിക്ഷേപിച്ച മിസൈൽ തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതോടെ സംഘർഷം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൂതികൾ യുദ്ധത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് ചെങ്കടൽ വഴിയുള്ള ആഗോള ചരക്കുനീക്കത്തെ വീണ്ടും ബാധിക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്.
വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നിരന്തരം ആക്രമണം നടത്തുന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇറാനെ ആക്രമിക്കുന്നത് തുടരുന്നപക്ഷം യുദ്ധത്തിൽ പങ്കാളിക്കുമെന്ന് കഴിഞ്ഞദിവസം ഹൂതികൾ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇന്നത്തെ ആക്രമണം. അതേസമയം, മിസൈലിനെ പ്രതിരോധിച്ചതായും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടിലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.
അതിനിടെ, ഒമാനിലെ സലാല തുറമുഖത്തിന് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി സുരക്ഷാ വൃത്തങ്ങൾ റിപ്പോർട് ചെയ്തു. തുറമുഖത്തെ തൊഴിലാളികളിൽ ഒരാൾക്ക് നിസാരമായി പരിക്കേറ്റു. ക്രെയിനിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടിക്കും സ്വീകരിക്കുമെന്ന് ഒമാൻ ഭരണകൂടം വ്യക്തമാക്കി.
അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപത്തും ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം ഉണ്ടായി. അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ സിവിൽ ഡിഫൻസ് വിഭാഗം തീ പൂർണമായും അണച്ചതായും മേഖലയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു.
യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർത്തെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. സൗദി അറേബ്യയിലെ സുൽത്താൻ വ്യോമത്താവളത്തിന് നേരെയും ഇറാന്റെ ആക്രമണം ഉണ്ടായി. തങ്ങളുടെ 12 സൈനികർക്ക് പരിക്കേറ്റുവെന്ന് യുഎസ് അറിയിച്ചു. മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണ പ്ളാന്റിൽ ഇസ്രയേൽ ബോംബിട്ടു. ആളപായമോ ആണവവികിരണ ഭീഷണിയോ ഇല്ലെന്ന് ഇറാൻ വ്യക്തമാക്കി.
എന്നാൽ, തിരിച്ചടിയായി യുഎസിന്റേയും ഇസ്രയേലിന്റെയും വ്യവസായ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. യുഎസ്- ഇസ്രയേൽ പക്ഷ രാജ്യങ്ങളിലെ തുറമുഖങ്ങളിൽ നിന്നോ തിരിച്ചോ ഉള്ള കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടില്ലെന്നും ഇറാൻ സേനാ വിഭാഗമായ റവല്യൂഷണറി ഗാർഡ് (ഐആർജിസി) പ്രഖ്യാപിച്ചു.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം







































