വോട്ടെടുപ്പിന് ഇനി മൂന്നുനാൾ മാത്രം; പരസ്യപ്രചാരണം നാളെ അവസാനിക്കും

കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഏപ്രിൽ ഒമ്പതിനാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മേയ് നാലിന് ഫലമറിയാം.

By Senior Reporter, Malabar News
kerala election
Rep. Image
Ajwa Travels

തിരുവനന്തപുരം: മുന്നണികളുടെ നെഞ്ചിടിപ്പേറുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി മൂന്നുനാൾ മാത്രം ശേഷിക്കെ, അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് മുന്നണികൾ. പരസ്യപ്രചാരണം നാളെ അവസാനിക്കും. ഓരോ പാർട്ടിയിലെയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിന് പങ്കാളികളാകുന്നുണ്ട്.

പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞ് മൂന്നാം തുടർഭരണം ലക്ഷ്യമിട്ടാണ് എൽഡിഎഫിന്റെ പ്രചാരണം. തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും ഇതിനോടകം കളംനിറഞ്ഞിട്ടുണ്ട്. കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഏപ്രിൽ ഒമ്പതിനാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മേയ് നാലിന് ഫലമറിയാം.

എസ്‌ഡിപിഐ- എൽഡിഎഫ് ഡീൽ, കണ്ണൂരിലെ വ്യാജ ആധാർ കാർഡ് വിവാദം, പേരാമ്പ്രയിലെ സമുദായത്തിന്റെ പേര് പറഞ്ഞുള്ള വോട്ട് അഭ്യർഥന, ശബരിമല വിഷയങ്ങൾ, തൃശൂരിലെ കിറ്റ് വിവാദം, യുഡിഎഫിന്റെ വയനാട് പുനരധിവാസ ഫണ്ട് വിവാദം, ബിജെപി സീൽ വിവാദം തുടങ്ങിയ വിഷയങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ ചർച്ചയായത്.

അതിനിടെ, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വടക്കൻ കേരളത്തിൽ പ്രചാരണത്തിന് എത്തുന്നുണ്ട്. മൂന്നാംഘട്ട പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് തൃശൂർ, പാലക്കാട് ജില്ലകളിലാണ് എത്തുന്നത്. കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് പ്രിയങ്കാ ഗാന്ധിയുടെ പരിപാടികൾ. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഡികെ. ശിവകുമാറും പര്യടനം നടത്തും. കൊല്ലത്ത് രേവന്ത് റെഡ്‌ഡിയുടെ റോഡ് ഷോ നടക്കും.

അതേസമയം, എൽഡിഎഫ് സർക്കാരിന്റെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. രാവിലെ പത്തുമണിക്ക് പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളിലാണ് പരിപാടി. തുടർന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ റോഡ് ഷോ ധർമ്മടത്ത് നടക്കും. എംഎ. ബേബിയുടെ പര്യടനം കൊല്ലം ജില്ലയിൽ നടക്കും.

കേന്ദ്രമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്യക്ഷൻ നിതിൻ നബീലും കേരളത്തിൽ തുടരുന്നുണ്ട്. ഹരിപ്പാടാണ് ഇന്ന് അമിത് ഷായുടെ റോഡ് ഷോ നടക്കുന്നത്. ഇന്നലെ ബേപ്പൂരിലെ എൻഡിഎ സ്‌ഥാനാർഥിയുടെ ഉൾപ്പടെ പ്രചാരണത്തിൽ അമിത് ഷാ പങ്കെടുത്തിരുന്നു. നിതിൻ നബീൽ ഒല്ലൂരിലും പര്യടനം നടത്തും. കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാൻ ഇന്ന് പാലക്കാടെത്തും.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE