ടെഹ്‌റാൻ: ട്രംപിന്റെ ഭീഷണികൾ തള്ളി ഇറാൻ. നേരിട്ടോ അല്ലാതെയോ മധ്യസ്‌ഥർ മുഖേനെയോ ഇനി യുഎസുമായി ചർച്ച വേണ്ടെന്നാണ് ഇറാന്റെ നിലപാട്. ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്നുള്ള ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് ചർച്ചകൾക്കുള്ള എല്ലാ വാതിലുകളും ഇറാൻ കൊട്ടിയടച്ചത്.
യുഎസുമായുള്ള എല്ലാ ആശയവിനിമയങ്ങളും അടിയന്തിരമായി നിർത്തിവെക്കാനും ഇറാൻ തീരുമാനമെടുത്തു. ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ചൊവ്വാഴ്‌ച അമേരിക്കയിലെ സമയം രാത്രി എട്ടുമണിക്ക് മുൻപ് വെടിനിർത്തൽ നടപ്പിലാക്കാനും ഹോർമുസ് തുറക്കാനുമുള്ള കരാറിന് സമ്മതിച്ചിരിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരുന്നത്.
ഇത് ഇറാൻ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ 5.30നാണ് ട്രംപിന്റെ അന്ത്യശാസനത്തിന്റെ സമയം അവസാനിക്കുക. ഈ സമയപരിധി അവസാനിക്കാനിരിക്കെയാണ് ട്രൂത്ത് സോഷ്യൽ വഴി ട്രംപിന്റെ മുന്നറിയിപ്പ് വന്നത്.
”തിരികെക്കിട്ടാൻ ആകാത്തവിധം ഇറാൻ ഇന്ന് രാത്രി അവസാനിക്കും. അങ്ങനെ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, അത് സംഭവിക്കും”- ട്രംപ് കുറിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരിക്കും ഇന്ന് രാത്രിയുണ്ടാകുക എന്നും ട്രംപ് പറഞ്ഞു.
അതിനിടെ, അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് ഇറാനിലെ ഇന്ത്യക്കാർക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ അടുത്ത 48 മണിക്കൂർ തുടരണമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Most Read| വാനോളം ആവേശമായി കൊട്ടിക്കലാശം; നാളെ നിശബ്‌ദ പ്രചാരണം, മറ്റന്നാൾ ബൂത്തിൽ








































