കോഴിക്കോട്: പ്രശസ്ത നാടക നടി ലക്ഷ്മി കോടേരി (70) നിര്യാതയായി. ആയിരത്തില്‍ പരം കഥാപാത്രങ്ങള്‍ക്ക് അരങ്ങില്‍ ജീവന് നല്കിയ ലക്ഷ്മി ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മരണപ്പെട്ടത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയില്‍ ആയിരുന്നു ഇവര്‍. പേരാമ്പ്ര സ്വദേശിയാണ്.
2018ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരത്തിന് അര്‍ഹയായ ഇവര്‍ തന്റെ 12ആമത്തെ വയസിലാണ് നാടക രംഗത്തേക്ക് കടന്നുവന്നത്. കാളിദാസ കലാകേന്ദ്രത്തിന്റെ സി.എല്‍. ജോസ് സംവിധാനം ചെയ്ത ‘കറുത്ത വെളിച്ചമാ’യിരുന്നു ആദ്യ നാടകം. തുടര്‍ന്ന് കേരളത്തിലെ വിവിധ അമേച്ച്വര്‍ നാടക ട്രൂപ്പുകളിലും തെരുവ് നാടകങ്ങളിലും ലക്ഷ്മി സജീവ സാന്നിധ്യമായിരുന്നു.
നാട്ടിലെ കലാ സാസ്കാരിക പ്രവര്‍ത്തനങ്ങളിലും എന്നും ലക്ഷ്മി മുന്‍പന്തിയില്‍ ഉണ്ടാവുമായിരുന്നു. അവസാന കാലത്ത് കോവിഡ് പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. രോഗാതുരതകള്‍ വകവെക്കാതെ ലോക്ക് ഡൗണ്‍ സമയത്ത് കോവിഡ് ബോധവല്‍ക്കരണത്തിനായി നിര്‍മിച്ച ടെലിഫിലിമുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
വിക്രമന് നായരുടെ സ്റ്റേജ് ഇന്ത്യയിലൂടെയാണ് 1989ല്‍ ലക്ഷ്മി കോടേരി പ്രഫഷണല്‍ നാടക രംഗത്തെത്തിയത്. പിന്നീട് വടകര വരദ, കാഴിക്കോട് സംഘചേതന തുടങ്ങിയ മികച്ച ട്രൂപ്പുകളിലും ഭാഗമായി.മാത്രവുമല്ല കോഴിക്കോട് ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ലക്ഷ്മി കോടേരി. കൂടാതെ നിരവധി പ്രാദേശിക അംഗീകാരങ്ങളും ആദരവുകളും ഇവരെ തേടിയെത്തി.
പരേതരാത കൃഷ്ണന് നായരുടെയും ഉമ്മമ്മ അമ്മയുടെയും മകളാണ്. മകന് മനോജ് കോടേരി(സിവില്‍ എഞ്ചിനിയര്‍). മരുമകള്‍ രജനി (കോടേരിച്ചാല്‍). സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന് നായര്‍, കുഞ്ഞിരാമന് നായര്‍, ഗോപാലന് നായര്‍.
Read Also: ഖുശ്ബു സുന്ദർ അറസ്റ്റിൽ































