കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് വടകര ആയഞ്ചേരിയിൽ നിന്ന് കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. നേത്രാവതി എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്‌ണു, ഒരു യാത്രക്കാരന്റെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ച് അമ്മയോടും സഹോദരനോടും സംസാരിച്ചിരുന്നു.
താൻ ഉടൻ നാട്ടിലേക്ക് ഇല്ലെന്ന് പറഞ്ഞെങ്കിലും കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങി, ആർപിഎഫ് ഉദ്യോഗസ്‌ഥനായ അമ്മാവന്റെ അടുത്തേക്ക് പോവുകയാണെന്ന് വിഷ്‌ണു സമ്മതിക്കുകയായിരുന്നു. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയ അമ്മാവൻ വിഷ്‌ണുവിനെ നേരിൽ കണ്ട് സംസാരിച്ചു.
വിഷ്‌ണുവിനെ ഉടൻ തന്നെ വടകര പോലീസ് സ്‌റ്റേഷനിൽ എത്തിക്കും. വിഷ്‌ണു അവശ നിലയിലാണെന്നാണ് വിവരം. യുവാവിനായി ബെംഗളൂരുവിലും മംഗലാപുരത്തും വിവിധ സംഘങ്ങളായി പോലീസ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ലോൺ ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വിഷ്‌ണുവിനെ കാണാതായത്.
10,000 രൂപയാണ് ലോൺ ആപ്പ് വഴി വിഷ്‌ണു വായ്‌പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതോടെ മോർഫ് ചെയ്‌ത ചിത്രങ്ങളടക്കം കാണിച്ച് ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയെന്നും കാണാതാകുന്നതിന് തൊട്ടു മുൻപ് വന്ന ഫോൺകോളുകളിൽ വിഷ്‌ണു അസ്വസ്‌ഥനായിരുന്നു എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിഷ്‌ണു നാട്ടിൽ നിന്നും മാറിനിൽകുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ ലോൺ ആപ്പ് സംബന്ധിച്ചും ബ്ളേഡ് മാഫിയയുടെ സമ്മർദ്ദം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ. സംഭവത്തിൽ വടകര പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
Most Read| ശസ്‌ത്രക്രിയാ പിഴവുകൾക്ക് തടയിടാൻ ആരോഗ്യവകുപ്പ്; മാർഗരേഖ പുറത്തിറക്കി




































