കൊല്ലം: കേരളം ചുട്ടുപൊള്ളുന്നു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ സ്‌ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കലക്‌ടർ അറിയിച്ചു.
അതേസമയം, മുൻ നിശ്‌ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ല. സംസ്‌ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പുറം ജോലികളിൽ ഏർപ്പെടുന്നവർ കർശന നിർദ്ദേശം പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്‌ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. 2024ന് ശേഷം സംസ്‌ഥാനത്ത് ആദ്യമായാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകുന്നത്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസാണ് താപനില.
കണ്ണൂരിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചിരുന്നു. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എംവി. സനൽ കുമാർ (37) ആണ് മരിച്ചത്. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നത് സഹായിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സനൽ കുമാർ കുഴഞ്ഞുവീണത്.
ഉടൻ തന്നെ പള്ളിപ്പൊയിലിലെ സ്വകാര്യ ക്ളിനിക്കിലും തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് മരണം സംഭവിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു. അതേസമയം, കോഴിക്കോട് നാദാപുരത്ത് അങ്കണവാടി അധ്യാപികയ്‌ക്കും സൂര്യാഘാതമേറ്റിട്ടുണ്ട്.
വളയം ചെറുമോത്തെ അനിലയുടെ വലതുകൈക്കാണ് പൊള്ളലേറ്റത്. മലപ്പുറം വണ്ടൂരിൽ നാലുവയസുകാരി ഇസ ജോണിനും സൂര്യാഘാതമേറ്റിട്ടുണ്ട്. കളിച്ചുകൊണ്ടിരിക്കെയാണ് പൊള്ളലേറ്റത്. നിലവിൽ വണ്ടൂർ ആശുപത്രിയിൽ ചികിൽസയിൽ തുടരുന്ന ഇസയുടെ ആരോഗ്യനില തൃപ്‌തികരമാണ്.
മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശങ്ങൾ
- പകൽ 11 മുതൽ മൂന്നുവരെ പുറത്തിറങ്ങരുത്- ഈ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. കോവിഡ് കാലത്തെപോലെ ഇതൊരു സെൽഫ് ലോക്ക്‌ഡൗൺ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറം പണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ, സൺഗ്ളാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
- വെള്ളവും ഭക്ഷണവും- ദാഹമില്ലെങ്കിലും ഇടയ്‌ക്കിടെ ധാരാളം ശുദ്ധജലം കുടിക്കുക. നിർജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൻ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
- പൊതുപരിപാടികൾക്ക് നിയന്ത്രണം- പകൽ 11 മുതൽ മൂന്നുവരെ തുറസായ സ്‌ഥലങ്ങളിലെ പൊതുയോഗങ്ങൾ, കലാകായിക പരിപാടികൾ എന്നിവ പാടില്ല.
- ഉൽസവങ്ങളിൽ അതീവ ശ്രദ്ധവേണം- ഉൽസവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടിത്ത സാധ്യതക്കെതിരെ കനത്ത കരുതൽ വേണം.
- വസ്‌ത്രധാരണം- ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്‌ത്രങ്ങൾ ധരിക്കുക.
Most Read| ഹോർമുസ് ഇനി പഴയപടിയാകില്ല; ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചെന്ന് ഇറാൻ






































