തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം നടന്നതായി സംശയം. പോലീസ് നടത്തിയ പരിശോധനയിൽ ശരീര ഭാഗങ്ങൾ കണ്ടെടുത്തു. നെടുങ്കണ്ടം പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.
മേരിക്കുട്ടിയെയും (70), മകൻ റെജിയെയും (48) കുറച്ചു ദിവസമായി കാണാനില്ലായിരുന്നു. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പോലീസ് വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ഇത് മേരിയുടെയും റെജിയുടെയും ആണെന്നാണ് സംശയം. ഇരുവരെയും കൊന്നു കുഴിച്ചുമൂടിയതാണോ എന്നാണ് സംശയിക്കുന്നത്.
ഫോറൻസിക് സംഘമെത്തി വിശദമായ പരിശോധന നടത്തും. മേരിക്കുട്ടിയും അവിവാഹിതരായ റെജിയും മറ്റൊരു മകനായ സജിയും ഒരുമിച്ചാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. സഹോദരി സിനി വിവാഹിതയായി മറ്റൊരിടത്താണ് താമസം. നാട്ടുകാരുമായി ഇവർക്ക് വലിയ ബന്ധമില്ല. സഹോദരങ്ങൾ തമ്മിൽ പ്രശ്‌നം ഉള്ളതായാണ് വിവരം.
മേരിക്കുട്ടിയെയും റെജിയെയും കാണാതായപ്പോൾ നാട്ടുകാർ സജിയോട് വിവരം തിരക്കിയിരുന്നു. എന്നാൽ, ഇയാളുടെ പരസ്‌പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ നാട്ടുകാർ സിനിയെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സിനി പോലീസിൽ പരാതി നൽകുന്നതും വീട്ടുവളപ്പിൽ പരിശോധന നടത്തുന്നതും. അതിനിടെ, ഇന്നലെ മുതൽ സജിയെ കാണാതായി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































