സാഹസിക സേവനം നടത്തി നാട്ടുകാർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ ഉപ്പുതറ പഞ്ചായത്തംഗം മെറീന സനീഷ്. മെറീനയുടെ സേവനത്തിലൂടെ നാട്ടിലെ കുടിവെള്ള ക്ഷാമത്തിനാണ് പരിഹാരമായത്.
എത്ര കടുത്ത വേനലിലും ചീന്തലാർ മൂന്നാം ഡിവിഷനിലെ പൊതുകിണറിൽ വറ്റാത്ത വെള്ളമുണ്ടാവും. പക്ഷേ, കുറേക്കാലമായി കിണറ്റിലെ വെള്ളം മലിനമായിരുന്നു. മറ്റു മാർഗമില്ലാത്തതിനാൽ ഇതിലെ വെള്ളമാണ് നാട്ടുകാർ കുടിച്ചിരുന്നത്. നാട്ടുകാർ മലിനജലം കുടിക്കുന്നതിനോട് പഞ്ചായത്ത് അംഗമായ മെറീനക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല.
കാലപ്പഴക്കംചെന്ന് ആൾമറയും ഉള്ളിലെ കൽക്കെട്ടും അപകടാവസ്ഥയിൽ ആയതിനാലാണ് കിണറ്റിൽ ഇറങ്ങാൻ പലരും മടിച്ചത്. അതുകൊണ്ട് കിണർ തേകി വൃത്തിയാക്കുന്ന പ്രവൃത്തി കഴിഞ്ഞ കുറച്ചുകാലമായി നടന്നിരുന്നില്ല. എന്നാൽ, രൂക്ഷമായ ജലക്ഷാമം മൂലം കിണറിനെ തന്നെ നാട്ടുകാർക്ക് ആശ്രയിക്കേണ്ടി വന്നു.
നാട്ടുകാരുടെ കുടിവെള്ളം മുട്ടാതെ നോക്കേണ്ടത് തന്റെ കടമയാണെന്ന് കരുതിയ മെറീന കിണർ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങി. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കിണർ വൃത്തിയാക്കാൻ ഹരിത കർമ്മസേന ആലോചിച്ചപ്പോഴും കിണറ്റിൽ ആര് ഇറങ്ങുമെന്ന ചോദ്യം ഉയർന്നു.
ഒടുവിൽ മെറീന ആ ദൗത്യം ഏറ്റെടുത്തു. ആത്മധൈര്യം കൈവിടാതെ കിണറ്റിലിറങ്ങി. കല്ലും മണ്ണും ചെളിയും ബക്കറ്റിൽ നിറച്ചു. ഹരിത കർമ്മസേനാ അംഗങ്ങളും ആശാ പ്രവർത്തകരും ചേർന്ന് ഇത് പുറത്തെത്തിച്ചു. ഒടുവിൽ നാലുമണിക്കൂർ കൊണ്ട് പെൺകരുത്തിൽ കിണർ ക്ളീൻ. ജീവൻ പണയംവെച്ച് കിണറ്റിലിറങ്ങിയ മെറീന ഇതോടെ നാട്ടുകാരുടെ അഭിമാനമായി.
സന്ധ്യ ചാണ്ടി, സാനിയമോൾ സുരേഷ്, കെജി, രമ്യ, കെആർ. സീനിയ എന്നിവർ ചേർന്നാണ് കല്ലും മണ്ണും ചെളിയും മുകളിലേക്ക് വലിച്ചുകയറ്റിയത്. ചീന്തലാർ മൂന്നാം ഡിവിഷനിൽ മാത്രം ഇരുന്നൂറോളം തൊഴിലാളി കുടുംബങ്ങളുണ്ട്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവരും ഇവിടെ നിന്ന് വെള്ളം കൊണ്ടുപോകുന്നുണ്ട്.
സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് കമ്പനി നിർമിച്ച കിണറാണിത്. ഇവിടെനിന്നാണ് തൊഴിലാളി ലയങ്ങളിൽ കുടിവെള്ളം എത്തിച്ചിരുന്നത്. ഇപ്പോഴിത് പീരുമേട് ടീം കമ്പനിയുടെ ഉടമസ്ഥതയിലാണ്. 26 വർഷമായി കമ്പനി പൂട്ടിക്കിടക്കുന്നു. മഴക്കാലത്ത് മലിനജലം ഒലിച്ചിറങ്ങിയാണ് കിണറിൽ ചെളിയടിഞ്ഞത്.
Most Read| യുഎസ് കടൽക്കൊള്ളയ്ക്ക് അംഗീകാരം നൽകുന്നു; ഇറാൻ







































