തൃശൂർ: അനക്കല്ലിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപം കുന്നത്ത് വളപ്പിൽ വീട്ടിൽ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നും രാവിലെ വഴക്കുണ്ടായിരുന്നു. വീടിന് മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ ശിവപ്രസാദിന്റെ അമ്മയാണ് ഉണ്ണിമായയുടെ മൃതദേഹം ആദ്യം കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് സമീപത്തെ കെട്ടിട നിർമാണ തൊഴിലാളികൾ ഓടിയെത്തിയെങ്കിലും അവരെ ശിവപ്രസാദ് തടഞ്ഞതായി നാട്ടുകാർ പറഞ്ഞു.
അബോധാവസ്‌ഥയിൽ കണ്ടെത്തിയ ഉണ്ണിമായയെ ഉടൻ തന്നെ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച ശിവപ്രസാദിനെ അയ്യന്തോളിൽ വെച്ചാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. നെടുപുഴ പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
ദമ്പതികൾ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്നും ഇന്ന് രാവിലെയും ഇവർക്കിടയിൽ തർക്കം ഉണ്ടായതായും പറയുന്നു. ഇവർക്ക് നാലുവയസുള്ള ഒരു പെൺകുഞ്ഞുണ്ട്. സംഭവം നടക്കുമ്പോൾ കുട്ടി ഉണ്ണിമായയുടെ വീട്ടിലായിരുന്നു. തൃശൂരിലെ ഒരു സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഉണ്ണിമായ.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം




































