നവനീതിന്റെ സത്യസന്ധതയ്‌ക്ക് നാട്ടുകാരുടെ കയ്യടി. പേരാമംഗലം ശ്രീദുർഗാവിലാസം സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയും എടക്കളത്തൂർ സ്വദേശിയുമായ ആലാട്ട് വീട്ടിൽ എഎ. നവനീതാണ്, കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്‌സ് ഉടമയ്‌ക്ക് തിരിച്ചുനൽകി നാടിന് മാതൃകയായത്.
എടക്കളത്തൂർ വടക്കുംമുറി കണ്ടംചിറ കുളത്തിന് സമീപത്തെ റോഡിൽ നിന്നാണ് നവനീതിന് പഴ്‌സ് കളഞ്ഞുകിട്ടിയത്. തുറന്ന് നോക്കിയപ്പോൾ ഇതിൽ സ്വർണ മാലയും കമ്മലും അടക്കമുള്ള ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ നവനീത് ഇക്കാര്യം നാട്ടുകാരായ സുഭാഷിതൻ കുന്നത്തുള്ളി, സദാനന്ദൻ കുന്നത്തുള്ളി എന്നിവരെ അറിയിക്കുകയായിരുന്നു.
ഇവരുടെ സഹായത്തോടെ പേരാമംഗലം പോലീസിൽ നവനീത് പഴ്‌സ് ഏൽപ്പിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസമാണ് ഉടമയെ കണ്ടെത്തിയത്. മറ്റം ആളൂർ സ്വദേശി എടത്തറ വീട്ടിൽ ബിനു ദിലീപിന്റെ പഴ്‌സാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ നഷ്‌ടപ്പെട്ടത്. മുണ്ടൂരിൽ നിന്ന് ആളൂരിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
ആറുപവനോളം വരുന്ന സ്വർണം തിരിച്ചുകിട്ടിയ സന്തോഷത്തിൽ ബിനു നവനീതിന് പാരിതോഷികമായി വലിയ തുക സമ്മാനിച്ചു. ഈ തുക എടക്കളത്തൂർ കൃഷ്‌ണകുമാർ സഹായനിധിയിലേക്ക് കൈമാറി നവനീത് വീണ്ടും മാതൃകയായി. എടക്കളത്തൂർ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നവനീതിന് അനുമോദനവും ഉണ്ടായിരുന്നു.
Most Read| കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു



































