ടെഹ്‌റാൻ: പാക്കിസ്‌ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ഇറാനിലേക്ക്. അമേരിക്ക- ഇറാൻ നയതന്ത്ര ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് സന്ദർശനം. അസിം മുനീർ ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ വ്യാഴാഴ്‌ച എത്തിയേക്കുമെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ഇസ്‌ന റിപ്പോർട് ചെയ്‌തു.
ചർച്ചയുടെ ഭാഗമായി പാക്ക് ആഭ്യന്തര മന്ത്രി സയ്യിദ് മൊഹ്‌സിൻ നഖ്‌വി ഈ ആഴ്‌ചയിൽ രണ്ടുതവണ ടെഹ്റാനിൽ എത്തിയിരുന്നു. പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിലാണ് യുഎസും ഇറാനും തമ്മിൽ ചർച്ചകൾ നടത്തുന്നത്. ഇറാൻ സന്ദർശനം സംബന്ധിച്ച അന്തിമ തീരുമാനം അസിം മുനീർ വ്യാഴാഴ്‌ച കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്‌ഥരുമായി നഖ്‌വി ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്‌ചകളിൽ മേഖലയിലെ നിലവിലെ സംഭവ വികാസങ്ങളും യുഎസ് ഇറാൻ ചർച്ചകളുടെ പുരോഗതിയും മസൂദ് പെസെഷ്‌കിയാൻ വിലയിരുത്തിയതായി റിപ്പോർട്ടുകളുണ്ട്.
അതിനിടെ, ഇറാന് വീണ്ടും മുന്നറിയിപ്പുമായി യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. കരാറിൽ ഒപ്പുവെക്കാൻ അവർ വിസമ്മതിച്ചാൽ കടുത്ത രീതിയിൽ യുഎസ് പ്രതികരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനുമായി ഞങ്ങൾ അവസാന ഘട്ട ചർച്ചയിലാണ്. എന്ത് സംഭവിക്കുമെന്ന് നോക്കാം. ഒന്നുകിൽ അവർക്ക് ഒരു കരാർ ലഭിക്കും. അല്ലെങ്കിൽ ഞങ്ങൾ കുറച്ച് മോശം കാര്യങ്ങൾ ചെയ്യും. പക്ഷെ അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































