ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നിർണായക സമാധാന ചർച്ചകൾ തുടരുന്നു. സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാനെതിരെ വീണ്ടും യുഎസ് സൈനിക നടപടിക്ക് ഒരുങ്ങിയേക്കും.
ഇപ്പോൾ നടക്കുന്ന മധ്യസ്‌ഥ ചർച്ചയിലും ഫലം കണ്ടില്ലെങ്കിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടിയെടുത്തേക്കുമെന്നാണ് യുഎസ് മാദ്ധ്യമമായ ആക്‌സിയോസ് റിപ്പോർട് ചെയ്യുന്നു. ഇതിന് മുന്നോടിയായി ട്രംപ് മുതിർന്ന ദേശീയ സുരക്ഷാ സംഘവുമായി യോഗം വിളിച്ചു.
വൈസ് പ്രസിഡണ്ട് ജെഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സിഐഎ ഡയറക്‌ടർ ജോൺ റാറ്റ്ക്ളിഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫ് സുസി വെയ്ൽസ് മറ്റു ഉന്നത ഉദ്യോഗസ്‌ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കാനുള്ള പാക്കിസ്‌ഥാന്റെ മധ്യസ്‌ഥ ശ്രമം ഇപ്പോഴും തുടരുകയാണ്.
പാക്കിസ്‌ഥാൻ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സസ് അസിം മുനീർ ചർച്ചകളുടെ ഭാഗമായി ഇറാനിലുണ്ട്. യുഎസും ഇറാനും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാനുള്ള അവസാന ഘട്ട മധ്യസ്‌ഥ ശ്രമമായിട്ടാണ് ഉദ്യോഗസ്‌ഥർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഖത്തറിൽ നിന്നുള്ള ഒരു പ്രതിനിധി സംഘവും ഇറാനിൽ എത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം, ഇറാന്റെ യുറേനിയം ശേഖരം ഇനീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പാക്കിസ്‌ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ചർച്ചകൾക്കായി ടെഹ്റാനിൽ എത്തിയപ്പോൾ, ട്രംപ് ഇറാന്റെ ആണവപദ്ധതികൾക്ക് എതിരെ കർശന മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
യുദ്ധം കാരണം എണ്ണവില വർധിക്കുകയും ആഗോള സമ്പദ്‌വ്യവസ്‌ഥ വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, അറബ് രാജ്യങ്ങൾ സമാധാനത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
തായ്‌വാനിലേക്കുള്ള ആയുധ വിതരണം താൽക്കാലികമായി നിർത്തിവെച്ചതും ഇസ്രയേൽ നേരിടുന്ന സുരക്ഷാ ഭീഷണികളും ഇറാനിലെ സംഘർഷത്തിന് ആഴം കൂട്ടുകയാണ്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് പാക്കിസ്‌ഥാന്റെ മധ്യസ്‌ഥ ശ്രമങ്ങളെ കാണുന്നത്.
Most Read| രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; വർധനവ് ഈമാസം മൂന്നാം തവണ





































