ന്യൂഡെൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായ രാഷ്ട്രീയ പരിഹാസ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്ഥാപകനായ അഭിജീത്ത് ദീപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നിരവതി തവണ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്ന് അഭിജീത്ത് പറഞ്ഞു. ഇതിന്റെ സ്ക്രീൻ ഷോട്ടുകളും അഭിജീത്ത് പങ്കുവെച്ചിട്ടുണ്ട്.
റിക്കവർ ഇറ്റ് നൗ എന്ന ഓപ്ഷനിൽ ക്ളിക്ക് ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ സുരക്ഷയ്ക്കായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഞങ്ങൾ ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് ലഭിക്കുന്നത്. അക്കൗണ്ട് വീണ്ടെടുക്കാൻ ഐഡന്റിറ്റി വെരിഫൈ ചെയ്യുകയും പുതിയ പാസ്വേർഡ് നൽകുകയും ചെയ്യേണ്ടതുണ്ടെന്നാണ് ഇൻസ്റ്റഗ്രാം പറയുന്നതെന്നും എക്സിൽ അഭിജീത്ത് കുറിച്ചു.
കേന്ദ്ര സർക്കാർ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയിൽ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി ഐബി കേന്ദ്രത്തിന് റിപ്പോർട് നൽകിയതിന് പിന്നാലെയായിരുന്നു നടപടി. ശേഷം സിജെപിയുടെ അക്കൗണ്ട് തടഞ്ഞുവയ്ക്കാൻ സാമൂഹിക മാദ്ധ്യമമായ എക്സിനോട് വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, കോക്രോച്ച് ഈസ് ബാക്ക് എന്ന പുതിയ അക്കൗണ്ടുമായി സംഘം വീണ്ടും എത്തിയിരുന്നു. ഇതിനിടെ, ചീഫ് ജസ്റ്റിസിന്റെ ‘പാറ്റ’ പ്രയോഗത്തിന് പിന്നാലെ ഇന്ത്യയിൽ ആരംഭിച്ച കോക്രോച്ച് ജനത പാർട്ടി പാക്കിസ്ഥാനിലേക്ക് കടക്കുകയാണ്. ഇന്ത്യയിലെ സിജെപിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പാക്കിസ്ഥാനിലും അക്കൗണ്ടുകൾ തുടങ്ങിയിയിട്ടുണ്ട്. കോക്രോച്ച് അവാമി പാർട്ടി, കോക്രോച്ച് അവാമി ലീഗ് എന്നീ പേരുകളിലാണ് പേജ് തുടങ്ങിയത്.
Most Read| റഷ്യൻ സേനയിൽ ചേർന്ന് കൊല്ലപ്പെട്ടത് 49 ഇന്ത്യക്കാർ; കേന്ദ്രം സുപ്രീം കോടതിയിൽ





































