തിരുവനന്തപുരം: മുൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗിക പീഡനക്കേസിൽ കോടതിയിൽ മൊഴി മാറ്റിയെന്ന വാർത്ത തെറ്റാണെന്ന് പരാതിക്കാരി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി ഒരു മൊഴിയും നൽകിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാൽസംഗ കേസിൽ വിചാരണാ നടപടികൾ നെയ്യാറ്റിൻകര കോടതിയിൽ ആരംഭിച്ചിരുന്നു. വിചാരണയ്‌ക്കിടെ എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.
പരാതിക്കാരി അടക്കം നാലുപേർ കൂറുമാറിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ഈ വാർത്ത നിഷേധിച്ചിരിക്കുകയാണ് പരാതിക്കാരി. വിചാരണയുടെ ഭാഗമായി പരാതിക്കാരിയും പ്രതികളും ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നാലുപേരും പ്രതിക്കൂട്ടിൽ ഉണ്ടായിരുന്നു. ഇതിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ദേഹാസ്വാസ്‌ഥ്യമുണ്ടായി.
ഉടനെ തന്നെ മാറ്റിയിരുത്തി. അതിനുശേഷം കേസ് അടുത്തദിവസം പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താൻ ആശുപത്രിയിലേക്ക് മടങ്ങിയെന്നും പരാതിക്കാരി പറഞ്ഞു. നിലവിൽ കേസുമായി മുന്നോട്ട് പോവുകയാണ്. കേസിൽ നിന്ന് പിൻമാറാൻ വലിയ സമ്മർദ്ദമുണ്ട്. പ്രതികളെ തിരിച്ചറിയുന്ന നടപടി മാത്രമാണുണ്ടായത്. മൊഴി മാറ്റിയില്ലെന്നും പരാതിക്കാരി വ്യക്‌തമാക്കി.
2023 സെപ്‌തംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി പേട്ട നിവാസിയായ യുവതിയാണ് പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി പിടിച്ചുകയറ്റി കോവളത്തേക്ക് പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
അടിമലത്തുറയിലെ റിസോർട്ടിൽ വെച്ചാണ് ആദ്യം ബലാൽസംഗം നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2022 ജൂലൈയിലായിരുന്നു ഈ സംഭവം. പിന്നീട് തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാൽസംഗം ബലാൽസംഗം ചെയ്‌തു. കോവളത്ത് വെച്ച് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു. എംഎൽഎ ബലാൽസംഗം ചെയ്‌തത് അഞ്ചുവർഷമായി പരിചയമുള്ള യുവതിയെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
എൽദോസിനെ കൂടാതെ മറ്റു രണ്ടു സുഹൃത്തുക്കളും കേസിൽ പ്രതികളാണ്. റനീഷ, സിപ്പി നൂറുദ്ദീൻ എന്നിവരെയാണ് പ്രതി ചേർത്തത്. തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാൽസംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































