തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുക. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ ഫലപ്രഖ്യാപനവും ഇന്ന് മന്ത്രി നടത്തും.
വിദ്യാർഥികൾക്ക് വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്ളിക്കേഷൻ വഴിയും ഫലമറിയാം. ഹയർ സെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,826 പേരുമാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവർഷം ഹയർ സെക്കൻഡറിയിൽ 77.81%, വിഎച്ച്എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം.
ഫലമറിയാനുള്ള വെബ്സൈറ്റുകൾ
nammudekeralam.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
reults.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ ആദ്യത്തെ ഫലപ്രഖ്യാപനമാണിത്. അതേസമയം, പ്ളസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇന്ന് ആരംഭിച്ചിട്ടുണ്ട്. അടുത്തമാസം മൂന്നാം തീയതിവരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
പ്രവേശന നടപടികളുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ പ്രകാരം ജൂൺ എട്ടിന് ട്രയൽ അലോട്ട്മെന്റും ജൂൺ 15ന് ആദ്യ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നോടെ അലോട്ട്മെന്റ് നടപടികൾ അവസാനിക്കുകയും ജൂലൈ രണ്ടിന് പ്ളസ് വൺ ക്ളാസുകൾ ആരംഭിക്കുകയും ചെയ്യും. ജൂലൈ 13 മുതൽ ഓഗസ്റ്റ് അഞ്ചുവരെ സപ്ളിമെന്ററി അലോട്ട്മെന്റുകൾ നടക്കും. ഓഗസ്റ്റ് അഞ്ചോടെ അഡ്മിഷൻ നടപടികൾ പൂർത്തിയാകും.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ




































