നിർണായക ചർച്ചയ്‌ക്കായി ഇറാൻ പ്രതിനിധി സംഘം ഖത്തറിൽ; വീണ്ടും യുഎസ് ആക്രമണം

സമാധാന കരാർ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് തടസം നിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം.

By Senior Reporter, Malabar News
Donald-Trump

ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നത് സംബന്ധിച്ച നിർണായക വിഷയങ്ങളിലെ ചർച്ചയ്‌ക്കായി ഇറാൻ പ്രതിനിധി സംഘം ഖത്തറിൽ. സമാധാന കരാർ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് തടസം നിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് സന്ദർശനം.

ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ്‌ മുഹമ്മദ് ബിൻ അബ്‌ദുൽ റഹ്‌മാൻ അൽതാനിയുമായുള്ള ചർച്ചയ്‌ക്കായാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ ബാലിബാഫ് എന്നിവർ ഇന്നലെ ദോഹയിൽ എത്തിയത്. മധ്യസ്‌ഥ ചർച്ചയ്‌ക്കായി കഴിഞ്ഞയാഴ്‌ച ഖത്തർ പ്രതിനിധി ടെഹ്റാനിൽ എത്തിയിരുന്നു.

സമാധാനക്കരാർ ഉടനില്ലെന്ന് യുഎസും ഇറാനും വ്യക്‌തമാക്കിയതിന് പിന്നാലെയാണ് ഖത്തറിലെ ചർച്ചാ നീക്കം. ഹോർമുസ് കടലിടുക്ക്, ഇറാന്റെ സമ്പുഷ്‌ടീകരിച്ച യുറേനിയം ശേഖരം എന്നീ വിഷയങ്ങളിൽ ഊന്നിയാണ് ഖത്തറിലെ ചർച്ച. ഇറാൻ സെൻട്രൽ ബാങ്ക് ഗവർണർ അബ്‍ദുൽ നാസർ ഹിമതി ദോഹയിലുണ്ട്. കരാറായാൽ വിദേശ ബാങ്കുകളിൽ മരവിപ്പിച്ച ഇറാന്റെ നിക്ഷേപങ്ങൾ വിട്ടുകൊടുക്കാനാണ് സാധ്യത.

അതിനിടെ, ഇറാനിൽ വീണ്ടും യുഎസ് ആക്രമണം നടത്തി. തെക്കൻ ഇറാൻ സൈന്യത്തിന്റെ (ഐആർജിസി) മിസൈൽ വിക്ഷേപണ ബോട്ടുകളും മൈനുകൾ സ്‌ഥാപിക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ബോട്ടുകളും തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് സ്‌ഥിരീകരിച്ചു. അതേസമയം, സ്വയരക്ഷയ്‌ക്ക് വേണ്ടിയായിരുന്നു ആക്രമണമെന്നാണ് യുഎസ് വിശദീകരണം.

ഇറാനിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപമുള്ള പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ് ഉൾപ്പടെയുള്ള സ്‌ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. ഒമാൻ ഉൾക്കടലിനോടും ഹോർമുസ് കടലിടുക്കിനോടും ചേർന്നുള്ള തീരദേശ നഗരങ്ങളായ സിറിക്, ജാസ്‌ക് എന്നിവിടങ്ങളിൽ സമാനമായ സ്‌ഫോടന ശബ്‌ദങ്ങൾ റിപ്പോർട് ചെയ്‌തതായി ഇറാന്റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസും റിപ്പോർട് ചെയ്‌തു.

ഇറാൻ നേതാക്കൾ ഖത്തറിൽ എത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം. അതേസമയം, കരാർ സംബന്ധിച്ച് ഇറാനുമായി ഏതാണ്ട് ധാരണയായെന്നും, പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നുമാണ് ട്രംപ് ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഞായാറാഴ്‌ച കരാറിന് തിടുക്കമില്ലെന്ന് തിരുത്തിപ്പറഞ്ഞു. അതിനിടെ, ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള ഏബ്രഹാം ഉടമ്പടിയിൽ സൗദി അറേബ്യയും ഖത്തറും ഉടൻ ഒപ്പുവയ്‌ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ഉടമ്പടിയിൽ ചേരുന്നില്ലെങ്കിൽ ഇരുവരും ഇറാൻ-യുഎസ് കരാറിന്റെ ഭാഗമായിരിക്കില്ലെന്നും ട്രംപ് വ്യക്‌തമാക്കി. പാക്കിസ്‌ഥാൻ, തുർക്കി, ഈജിപ്‌ത്‌, ജോർദാൻ എന്നീ രാജ്യങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇറാനും ഏബ്രഹാം ഉടമ്പടിയുടെ ഭാഗമായാൽ ഗംഭീരമാകുമെന്നും ട്രംപ് പറഞ്ഞു. 2020 ഓഗസ്‌റ്റിൽ തുടക്കമിട്ട ഏബ്രഹാം ഉടമ്പടിയിൽ യുഎഇ ഒപ്പുവച്ചിട്ടുണ്ട്.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE