ന്യൂഡെൽഹി: ഈമാസം 18ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ പേര് സ്ഥാനാർഥി പട്ടികയില്ല. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് കുര്യൻ.
കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റിലാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്. ഈമാസം 21ന് അദ്ദേഹത്തിന്റെ കാലാവധി കഴിയും. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായ ജോർജ് കുര്യനെ കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടന വരുന്നതോടെ നീക്കിയേക്കും.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ജനവിധി തേടിയിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് ലഭിച്ചിരുന്നത്. 2021ൽ അൽഫോൺസ് കണ്ണന്താനം ബിജെപിക്കായി മൽസരിച്ച് നേടിയതിനേക്കാൾ കുറഞ്ഞ വോട്ടാണ് ജോർജ് കുര്യന് കേന്ദ്ര മന്ത്രിയായി മൽസരിച്ചിട്ടും നേടാനായത്.
തിരഞ്ഞെടുപ്പിനുള്ള അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ജോർജ് കുര്യന്റേതടക്കം മധ്യപ്രദേശിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബിജെപി സ്ഥാനാർഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്രമന്ത്രിയായ രവിനീത് സിങ് ബിട്ടുവിനും സീറ്റില്ല. സതീഷ് പൂനിയ രാജസ്ഥാനിൽ നിന്നും തായ് തഗക്ക് അരുണാചൽ പ്രദേശിൽ നിന്നും രാജുഭായ് ശുക്ള, മുകേഷ് ഭായ് റാത്ത്വ, മൻസിങ് പർമർ, ജിതേന്ദ്ര മേഘ്ജിഭായ് കൻസരിയ എന്നിവർ ഗുജറാത്തിൽ നിന്നും മണിപ്പൂരിൽ നിന്ന് എ. ശാർദ ദേവിയും മൽസരിക്കും.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































