കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തുടർ നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇഡി ഡയറക്‌ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. സിഎംആർഎൽ കമ്പനി നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് രാഹുൽ നവീൻ കേരളത്തിൽ എത്തിയത്.
നാളെ കൊച്ചിയിൽ ഉന്നതതല യോഗം ചേരും. ഹൈക്കോടതി വിധി പശ്‌ചാത്തലത്തിൽ കേസിന്റെ അടുത്തഘട്ട അന്വേഷണ പുരോഗതിയും തുടർനടപടികളും യോഗം ചർച്ച ചെയ്യും. സിഎംആർഎൽ- എക്‌സാലോജിക്ക് കേസിന് പുറമെ പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയ്‌ക്ക് ശേഷം ഉദ്യോഗസ്‌ഥർ പുറത്തിറങ്ങുമ്പോൾ ആക്രമിക്കപ്പെട്ട സംഭവവും ഇഡി ഗൗരവത്തിൽ എടുത്തിട്ടുണ്ട്. ഇക്കാര്യവും യോഗം ചർച്ചയ്‌ക്കെടുക്കും.
ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. കേസിൽ, വിധി പറയുന്നവരെ കരിമണൽ കമ്പനിക്കെതിരെ തുടർനടപടികൾ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണങ്ങളും നൽകിയ സമൻസുകളും ചോദ്യം ചെയ്‌താണ് സിഎംആർഎൽ കോടതിയെ സമീപിച്ചത്. എഫ്‌ഐആർ പോലും ഇല്ലാതെയാണ് ഇഡി അന്വേഷണം ആരംഭിച്ചതെന്നും, അന്വേഷണം പൂർണമായും അധികാര പരിധിക്ക് പുറത്താണെന്നും നിയമവിരുദ്ധമാണെന്നുമാണ് സിഎംആർഎൽ അപ്പീലിൽ പ്രധാനമായും ഉന്നയിക്കുന്ന വാദം.
അപ്പീലിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ ഹരജിക്കാർക്ക് നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കോടതി വ്യക്‌തമാക്കി. അതേസമയം, കോടതി നൽകിയ ഈ സംരക്ഷണം അപ്പീൽ ഹരജി നൽകിയ സിഎംആർഎൽ കമ്പനിക്ക് മാത്രമുള്ളതാണെന്നും കോടതി വ്യക്‌തമാക്കിയിരുന്നു. കേസിലെ മറ്റു കക്ഷികളായ വീണാ വിജയൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ നടപടി സ്വീകരിക്കുന്നതിന് ഇഡിക്ക് നിലവിൽ നിയമപരമായ തടസങ്ങൾ ഇല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എന്നാൽ, വീണയ്‌ക്കെതിരെ ഇഡി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. സിഎംആർഎൽ ഹരജി മാത്രമാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതും സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്നതും അടക്കമുള്ള നടപടികളുമായി ഇഡി മുന്നോട്ട് പോകുമെന്നാണ് വിവരം.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം




































