കൊച്ചി: കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ്. സംഭവം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. പാലക്കാട് ചെർപ്പുളശ്ശേരിയിലുള്ള ഒരു വർക്ക്ഷോപ്പിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചുദിവസമായി അക്ബറിനായി പോലീസ് ഊർജിതമായ തിരച്ചിലിൽ ആയിരുന്നു. ഇയാൾ പാലക്കാട് വിട്ടുപോയിട്ടില്ലെന്ന കൃത്യമായ നിഗമനത്തിൽ തന്നെയായിരുന്നു അന്വേഷണ സംഘം. തുടർന്ന് വാഹനങ്ങൾ രൂപമാറ്റം ചെയ്യുന്ന ചെർപ്പുളശ്ശേരിയിലെ ഒരു വർക്ക്ഷോപ്പിൽ നിന്നാണ് ഇയാളെ ഇന്ന് പോലീസ് പിടികൂടുന്നത്.
കേസിൽ ആകെ 10 പ്രതികളാണ് ഉള്ളത്. സംഭവം നടന്ന ആദ്യ ദിവസം തന്നെ ഇതിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറുപേരെ കൂടി ഇനിയും പിടികൂടാനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
മുഖ്യപ്രതി അക്ബർ അലിക്ക് വലിയ രീതിയിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കലൂർ ലിബർട്ടി ലെയ്നിൽ ഹൈലാൻഡ് ലോഡ്ജ് നടത്തിപ്പുകാരനായ ഇയാൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. ഇവിടെ ഇയാൾ അനാശാസ്യ കേന്ദ്രം നടത്തിവരുന്നതായാണ് വിവരം.
കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് നടന്നുവരികയായിരുന്ന പെൺകുട്ടികളെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. പുലർച്ചെ 4.30നായിരുന്നു സംഭവം. പെൺകുട്ടികളിൽ ഒരാളെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. ദൃശ്യം പകർത്താൻ ശ്രമിച്ച ഫോൺ നിലത്തേക്കെറിഞ്ഞ് തകർക്കുകയും ചെയ്തു.
റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഇവർ ഇരുവരും പുലർച്ചെ ചായ കുടിക്കാൻ ഇറങ്ങിയതായിരുന്നു. അതേ സ്ഥലത്ത് പ്രതികളും ചായ കുടിക്കാനെത്തി. പെൺകുട്ടികളോട് ഇവർ ലൈംഗിക ചുവയോടെ കമന്റടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് അക്രമണത്തിനിടയാക്കിയത്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു






































