കൊച്ചി: സിഎംആർഎൽ- എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പടെ ഒമ്പതുപേർക്ക് ഇഡി സമൻസ് അയച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.
സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെഎസ്. സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ്. കേസിൽ ഇതാദ്യമായാണ് വീണയെ ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
നേരത്തെ, റെയ്ഡിന്റെ ഭാഗമായി ചില ചോദ്യങ്ങൾ ഇഡി ചോദിച്ചിരുന്നു. ഇവർ നൽകിയ മറുപടിയിൽ വ്യക്തതയില്ല എന്ന നിലപാടിലായിരുന്നു ഇഡി. പിന്നാലെയാണ് നേരിട്ട് വിളിപ്പിക്കുന്നത്. പിണറായി വിജയൻ, ഭർത്താവ് മുഹമ്മദ് റിയാസ് എംഎൽഎ, സിഎംആർഎൽ എംഡി എന്നിവരുടെ വീടുകളിൽ ഉൾപ്പടെ 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.
സിഎംആർഎൽ കമ്പനി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന കേസിൽ ഇഡി അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും അനുമതി നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വിധി.
ഇതിന് പിന്നാലെ ഇന്നലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ പിഎംഎൽഎ പ്രത്യേക കോടതിയും ഉത്തരവിറക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ എസ്എഫ്ഐഒ നേരത്തെ കുറ്റപത്രത്തിലെ രേഖകൾ സമർപ്പിച്ചിരുന്നു. ഇങ്ങനെ സമർപ്പിക്കപ്പെട്ട 134 രേഖകളുടെ അംഗീകൃത പതിപ്പാണ് ഇഡി ആവശ്യപ്പെട്ടത്.
സിഎംആർഎൽ- എക്സാലോജിക്ക് സാമ്പത്തിക ഇടപാടുകൾ, ബന്ധപ്പെട്ട കത്തിടപാടുകൾ, വീണാ വിജയന്റെ മൊഴി, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത വിവരങ്ങൾ, വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ അടക്കമാണ് ഇഡി ആവശ്യപ്പെട്ടത്. ഏകദേശം 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായക രേഖകളാണ് ഇഡിക്ക് ലഭിക്കാൻ പോകുന്നത്.





































