ന്യൂഡൽഹി: ഒമാൻ കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ യുഎസ് സൈനിക ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് നാവികരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായും മന്ത്രി പറഞ്ഞു.
ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പലാവു പതാകയേന്തിയ ‘സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. 24 ഇന്ത്യൻ പൗരൻമാരും നാല് വിദേശ പൗരൻമാരും ഉൾപ്പടെ ആകെ 28 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയിരുന്നു.
ടാങ്കർ തങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്നുവെന്നും ആരോപിച്ചാണ് യുഎസ് കപ്പലിന് നേരെ പ്രിസിഷൻ സ്ട്രൈക്ക് നടത്തിയത്. ഇന്ത്യൻ നാവികരുടെ മരണത്തിന് പിന്നാലെ ന്യൂഡെൽഹിയിലെ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ഇന്ത്യ തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യൻ നാവിക സമൂഹത്തിന് ഇത് നികത്താനാവാത്ത വലിയൊരു നഷ്ടമാണെന്ന് മന്ത്രി സർബാനന്ദ സൊനോവോൾ പറഞ്ഞു. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാർ. രക്ഷപ്പെടുത്തിയ ജീവനക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കും. മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
അതിനിടെ, ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം ഇന്ന് വീണ്ടും ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്. എംടി ജൽവീർ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നെന്നാണ് വിവരം. കപ്പലിൽ ഇന്ത്യൻ നാവികരുണ്ടോ എന്ന കാര്യത്തിൽ ഒമാനിലെ ഇന്ത്യൻ എംബസി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ






































