കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള രാമനാട്ടുകരയിലെ 43-കാരന്റെ പൂണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്‌ജീകരിച്ച ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിൽസയിൽ തുടരുന്ന രോഗിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.
സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മെഡിക്കൽ കോളേജിലെ വിആർഡിഎൽ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് ഫാറൂഖ് കോളേജിന് സമീപം താമസിക്കുന്ന 43 വയസുകാരന് നിപ്പ സ്‌ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ മെഡിക്കൽ പ്രോട്ടോകോൾ അനുസരിച്ച് രോഗിയിൽ നിന്നെടുത്ത സ്രവ സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു.
ഈ ഫലവും പോസറ്റീവ് ആയതോടെ ആരോഗ്യവകുപ്പ് ഔദ്യോഗികമായി രോഗം സ്‌ഥിരീകരിച്ചു. ഇതോടെ കൂടുതൽ കർശന രോഗപ്രതിരോധ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നു. ചെന്നൈയിൽ നിന്ന് മരുന്ന് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
രോഗിയുടെ സമ്പർക്ക പട്ടികയിൽ 77 പേരുണ്ടെന്നും അതിൽ 58 പേർ ആരോഗ്യ പ്രവർത്തകരാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. 24 പേർ കുടുംബാംഗങ്ങളും അഞ്ചുപേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. നിലവിൽ ഇവരിലാർക്കും രോഗലക്ഷണങ്ങളില്ല. രണ്ടുപേർ ഹൈയസ്‌റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേർ ഹൈറിസ്‌ക് വിഭാത്തിലും 62 പേർ ലോ റിസ്‌ക് വിഭാഗത്തിലും ആണെന്ന് മന്ത്രി പറഞ്ഞു.
ഇതിൽ ഹൈയസ്‌റ്റ്, ഹൈറിസ്‌ക് വിഭാഗത്തിൽ പെട്ടവരോട് ക്വാറന്റെയ്‌നിൽ പോകാൻ നിർദ്ദേശിച്ചു. രോഗബാധിതന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കണ്ടെയ്‌ൻമെന്റ് സോൺ ആക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഏതെങ്കിലും സാഹചര്യം വേണ്ടിവന്നാൽ കലക്‌ടർക്ക് അതിന് അധികാരമുണ്ട്. ഫീൽഡ് തലത്തിൽ പ്രതിരോധ പ്രവർത്തനം ആരംഭിച്ചു.
രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ഇന്നലെയും ഇന്നുമായി റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ യോഗം ചേർന്ന് പിപിഇ കിട്ടും മരുന്നുകളും ലഭ്യമാക്കാൻ നടപടി തുടങ്ങി. ജനങ്ങളുടെ സംശയ നിവാരണത്തിന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. 0495 2373901, 9072007767 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്




































