കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്‌ജീകരിച്ച ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിൽസയിലുള്ള രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയായ 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തിന് ഇന്ന് മോണോക്‌ളോണൽ ആന്റിബോഡി നൽകിയേക്കും.
വൈറൽ ബാധയുടെ തീവ്രത വലിയതോതിൽ കുറയ്‌ക്കും എന്നതിനാലാണ് അപൂർവമായി മാത്രം നൽകുന്ന ഈ മരുന്ന് നൽകാൻ ഡോക്‌ടർമാർ തീരുമാനിച്ചത്. വൈറൽ ബാധയെ തുടർന്ന് തലച്ചോറിലുണ്ടായ എങ്കഫലൈറ്റിസ് (നീർക്കെട്ട്) ആണ് നിലവിൽ ആശങ്കയുയർത്തുന്നത്. ഇത് ഏത് രീതിയിൽ മറ്റു അവയവങ്ങളെ ബാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും രോഗമുക്‌തി.
രോഗിയുടെ സമ്പർക്ക പട്ടികയിൽ 77 പേരുണ്ടെന്നും അതിൽ 58 പേർ ആരോഗ്യ പ്രവർത്തകരാണെന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്നലെ പറഞ്ഞത്. 24 പേർ കുടുംബാംഗങ്ങളും അഞ്ചുപേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. നിലവിൽ ഇവരിലാർക്കും രോഗലക്ഷണങ്ങളില്ല. രണ്ടുപേർ ഹൈയസ്‌റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേർ ഹൈറിസ്‌ക് വിഭാഗത്തിലും 62 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.
ഇതിൽ ഹൈയസ്‌റ്റ്, ഹൈറിസ്‌ക് വിഭാഗത്തിൽ പെട്ടവരോട് ക്വാറന്റെയ്‌നിൽ പോകാൻ നിർദ്ദേശിച്ചു. മേയ് 30 മുതൽ രോഗി സഞ്ചരിച്ച റൂട്ട് മാപ്പും പുറത്തുവിട്ടിട്ടുണ്ട്. മേയ് 30 മുതൽ ജൂൺ പത്തുവരെയുള്ള റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗി ജൂൺ രണ്ടിന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ സന്ദർശനം നടത്തി. ജൂൺ 3,4,5,6 തീയതികളിൽ ഫറോക്ക് കോളേജ് തപാൽ ഓഫീസ്, 7,8,9 തീയതികളിൽ രണ്ട് സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
ജനങ്ങളുടെ സംശയ നിവാരണത്തിന് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. 0495 2373901, 9072007767 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അതേസമയം, നിപ്പ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ വൈറസ് ബാധയെ കുറിച്ച് പഠിക്കുന്നതിനും സാമ്പിളുകൾ ശേഖരിക്കുന്നതിനുമായി കേന്ദ്രത്തിൽ നിന്ന് ഐസിഎംആറിലെ ഗവേഷക സംഘം നാളെ കോഴിക്കോട്ടെത്തും.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം







































