ന്യൂഡെൽഹി: ഡെൽഹിയിലെ തുഗ്ളക്കാബാദിലെ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം. മൂന്നുപേർ മരിച്ചു. തുഗ്ളക്കാബാദിലെ ഗലി നമ്പർ 1ലുള്ള കെട്ടിടത്തിൽ ഇന്ന് പുലർച്ചെ 2.25ഓടെയാണ് തീപിടിത്തം ഉണ്ടായത്. ഗ്രൗണ്ട് ഫ്ളോറിലും മുകളിലേക്ക് അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിലാണ് ആദ്യം തീപിടിച്ചത്.
പുക ശ്വസിച്ച് കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ എട്ട് താമസക്കാരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഗ്രൗണ് ഫ്ളോറിലുണ്ടായ ഇലക്ട്രിക്കൽ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നാണ് തീ പടർന്നത്.
പാർക്ക് ചെയ്തിരുന്ന മൂന്ന് സ്കൂട്ടറുകൾ, രണ്ട് മോട്ടോർ സൈക്കിളുകൾ, ഒരു സൈക്കിൾ എന്നിവ പൂർണമായി കത്തിയമർന്നു. ഇതേത്തുടർന്നുണ്ടായ കനത്ത വിഷപ്പുക കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് അതിവേഗം വ്യാപിച്ചു. ഇതോടെ ഉറങ്ങിക്കിടന്ന താമസക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
കെട്ടിടം സ്ഥിതി ചെയ്യുന്നത് വളരെ ഇടുങ്ങിയ ഒരു തെരുവിലായതിനാൽ ഫയർ എഞ്ചിനുകൾക്ക് ഇവിടേക്ക് എത്തിപ്പെടുക പ്രയാസകരമായിരുന്നു. എങ്കിലും ഡെൽഹി ഫയർ സർവീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. 3.45ഓടെ തീ നിയന്ത്രണ വിധേയമാക്കാനും നാലുമണിയോടെ പൂർണമായി അണയ്ക്കാനും സാധിച്ചു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































