തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ കേസിൽ കെഎസ്ആർടിസിയിലെ താൽക്കാലിക ഡ്രൈവർ ജോലി നഷ്‌ടപ്പെട്ട എൽഎച്ച്. യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം നൽകി സർക്കാർ. നിയമസഭയിൽ ഡ്രൈവറായാണ് നിയമനം.
യദുവിന് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്‌പീക്കർക്ക് കത്ത് നൽകിയിരുന്നു. ആര്യ രാജേന്ദ്രൻ നൽകിയ പരാതിയെ തുടർന്നാണ് യദുവിന് കെഎസ്ആർടിസിയിലെ ജോലി നഷ്‌ടപ്പെട്ടത്. ആര്യക്കെതിരെ യദുവും പരാതി നൽകിയിരുന്നു.
2024 ഏപ്രിൽ 27ന് രാത്രി പാളയത്ത് വെച്ച് ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായിരുന്ന സച്ചിൻ ദേവും ബന്ധുക്കളും അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം ഉപയോഗിച്ച് കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കുതർക്കം ഉണ്ടായി എന്നുമാണ് കേസ്.
നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞു തർക്കമുണ്ടായ സംഭവം വിവാദമായിരുന്നു. വാഹനം ഓവർടേക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഇതേത്തുടർന്ന് ഡ്രൈവർ യദുവിനെതിരെ കേസെടുത്തിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിന് നേർക്ക് ലൈംഗിക ചേഷ്‌ടകൾ കാണിച്ചുവെന്ന ആര്യ രാജേന്ദ്രന്റെ പരാതിയിലാണ് കേസെടുത്തത്.
ഡ്യൂട്ടി തടസപ്പെടുത്തിയെന്നും ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടെന്നും കാണിച്ച് യദു പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, കേസെടുത്തിരുന്നില്ല. പിന്നീട് വിവാദമായതോടെയാണ് യദുവിന്റെ പരാതിയിൽ കേസെടുത്തത്. കോടതിയിൽ ആര്യ രാജേന്ദ്രന് അനുകൂലമായാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
Most Read| കരസേന മേധാവിയായി ലഫ്. ജനറൽ ധീരജ് സേത്തിനെ നിയമിച്ചു


































