16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി യുകെ. 16 വയസിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽ നിന്ന് സാമൂഹിക മാദ്ധ്യമങ്ങളെ വിലക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ അറിയിച്ചു.
സ്നാപ്പ് ചാറ്റ്, ടിക്ടോക്, യുട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് (X) തുടങ്ങിയ പ്രമുഖ പ്ളാറ്റുഫോമുകൾക്കെല്ലാം ഈ വിലക്ക് ബാധകമായേക്കും. നിയന്ത്രണങ്ങളുടെ ആദ്യഘട്ടം 2027 മാർച്ച് മാസത്തോടെ നിലവിൽ വന്നേക്കുമെന്നാണ് സൂചന.
കഴിഞ്ഞവർഷം ഓസ്ട്രേലിയ നടപ്പാക്കിയ സോഷ്യൽ മീഡിയ നിരോധന നിയമത്തെ മാതൃകയാക്കിയാണ് യുകെയും ഈ നടപടികളിലേക്ക് കടക്കുന്നത്. എന്നാൽ, കുട്ടികൾക്ക് ദോഷകരമാകുന്ന ഫീച്ചറുകൾക്ക് മേൽ ഓസ്ട്രേലിയയേക്കാൾ അധിക നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് യുകെ ലക്ഷ്യമിടുന്നത്.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്ക് മേൽ സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് നിർണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി രംഗത്തെത്തിയത്. നിരോധനം ഏർപ്പെടുത്തുന്നതിലൂടെ കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകുമെന്നാണ് സ്റ്റാർമറുടെ ഉറപ്പ്.
”16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തുന്നതിൽ ലോകത്ത് മറ്റേത് രാജ്യത്തെക്കളും മുന്നേറാൻ പോവുകയാണ് ഞങ്ങൾ. കുട്ടികൾക്ക് അവരുടെ ബാല്യം തിരികെ നൽകാൻ കൂടുതൽ വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും”- കെയ്ർ സ്റ്റാർമർ പറഞ്ഞു. സോഷ്യൽ മീഡിയ കുട്ടികളുടെ സന്തോഷം ഇല്ലാതാക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാന നിയന്ത്രണങ്ങൾ
- തൽസമയ ആശയവിനിമയ വിലക്ക്: 16 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയയിൽ അപരിചിതരുമായി ലൈവ് ചാറ്റ് നടത്തുന്നതും തൽസമയ സ്ട്രീമിങ് നടത്തുന്നതും പൂർണമായി വിലക്കും.
- മുതിർന്ന കുട്ടികൾക്കുള്ള സുരക്ഷ: 16,17 വയസുള്ള കൗമാരക്കാർക്കായുള്ള സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഫോണുകളിൽ ഡിഫോൾട്ടായി (Default) ലഭ്യമാക്കും.
- രാത്രികാല നിയന്ത്രണങ്ങൾ: പ്രായപൂർത്തി ആകാത്തവർക്കായി രാത്രികാലങ്ങളിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
- സ്ക്രോളിങ് നിയന്ത്രണം: കുട്ടികളിലെ സോഷ്യൽ മീഡിയ ആസക്തി കുറയ്ക്കുന്നതിനായി അനന്തമായ സ്ക്രോളിങ് (Infinite Scrolling) പരിമിതപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നുണ്ട്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































