കൊച്ചി: കിഴക്കമ്പലം പര്യത്ത്കാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സമവായം. ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചു. ഇന്നലെ രാത്രി എറണാകുളം കലക്‌ട്രേറ്റിൽ വച്ചുനടന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷമാണ് ബന്ധപ്പെട്ട കക്ഷികൾ കരാറിൽ ഒപ്പുവെച്ചത്.
വിഷയം ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കുടിയൊഴിപ്പിക്കപ്പെടുന്ന പര്യത്തുകാവിലെ ഏഴ് ദളിത് കുടുംബങ്ങൾക്ക് നിലവിൽ പിൻഭാഗത്തായി അഞ്ച് സെന്റ് വീതം ഭൂവുടമകളായ ശങ്കരൻ നായരുടെ കുടുംബം വിട്ടു നൽകും. ഈ സ്‌ഥലത്തേക്ക് റോഡിന് ആവശ്യമായ സ്‌ഥലവും ഉടമകൾ നൽകും.
ഒരു വർഷത്തിനുള്ളിൽ 1000 ചതുരശ്ര അടിയിൽ കുറയാത്ത വീടുകൾ സ്‌പോൺസർഷിപ്പിലൂടെ സർക്കാർ നിർമിച്ചു നൽകും. വീട്ടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നതുവരെ ഉന്നതിയിലെ ആളുകൾക്ക് അവരുടെ വീടുകളിൽ തന്നെ കഴിയാം. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഏറെ നാളായി തുടരുന്ന സമരങ്ങളും മറ്റുമായി കോടതിയുടെ പരിഗണനയിലുള്ള എല്ലാ സിവിൽ, ക്രിമിനൽ കേസുകളും പരസ്‌പരം പിൻവലിക്കാനും തീരുമാനമായി.
മന്ത്രി റോജി എം ജോൺ, കലക്‌ടർ ജി. പ്രിയങ്ക, സ്‌ഥലം എംഎൽഎ വിപി. സജീന്ദ്രൻ എന്നിവരടക്കം ഉള്ളവരുടെ നേതൃത്വത്തിൽ നാലുതവണ ഇരുകൂട്ടരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് വിഷയം സമവായത്തിലെത്തിയത്.
സ്വകാര്യ വ്യക്‌തിയുമായി ബന്ധപ്പെട്ട, ഏതാണ്ട് 60 വർഷത്തോളം പഴക്കമുള്ള ഭൂമി തർക്കക്കേസിൽ നാലുവർഷം മുമ്പാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കർ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സ്‌ഥലത്ത് എത്തിയതോടെയാണ് പ്രതിഷേധം ശക്‌തമായത്.
Most Read| പശ്‌ചിമേഷ്യ സമാധാനത്തിലേക്ക്; ധാരണാപത്രത്തിൽ ഒപ്പുവെച്ച് യുഎസും ഇറാനും




































