മുംബൈ: ഉദ്ധവ് താക്കറെ ശിവസേന (യുബിടി) പിളർന്നു. പാർട്ടിയുടെ ഒമ്പത് ലോക്സഭാ എംപിമാരിൽ ആറുപേർ ഇന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ലയിക്കും. ഉച്ചയ്ക്ക് മൂന്നുമണിയോടെയാകും എംപിമാർ ഷിൻഡെ പക്ഷത്തേക്ക് ഔദ്യോഗികമായി ചേരുക.
കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാൻ ആവശ്യമായ എണ്ണത്തോടെയാണ് എംപിമാരുടെ നീക്കം. സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, ബാവുസാഹേബ് വാക് ചൗരെ, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ നിംബാൽക്കർ, സഞ്ജയ് ദിന പാട്ടീൽ, എന്നിവരാണ് ഷിൻഡെ പക്ഷത്തേക്ക് ചേരുന്നത്.
തങ്ങൾക്കെതിരെ ജൂൺ 18ന് ശേഷം ഉയർന്ന ചില മോശം പരാമർശങ്ങളാണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് ഹിംഗോളി എംപി നാഗേഷ് പാട്ടീൽ അഷ്ടികർ പറഞ്ഞു. ഉദ്ധവ് താക്കറെയോടോ സഞ്ജയ് റാവുത്തിനോടോ വ്യക്തിപരമായി എതിർപ്പില്ലെന്നും, ആശയപരമായ വിട്ടുവീഴ്ച ചെയ്യാതെ ഒരു ശിവസേനയിൽ നിന്ന് മറ്റൊരു ശിവസേനയിലേക്ക് പോകുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എംപിമാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ അവസാനവട്ട ശ്രമത്തിലാണ് ഉദ്ധവ് വിഭാഗം. ഇന്ന് ഉച്ചയ്ക്ക് 2.30ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. താൻ തെളരില്ലെന്നും ബിജെപി ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. തന്റേതാണ് യഥാർഥ ശിവസേനയെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































