ശ്രീനഗർ: പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിക്കുകയും പോലീസ് സ്‌റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്‌ത സംഭവത്തിൽ 40ഓളം സൈനികർക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലാണ് സംഭവം. ഒരു കമാൻഡിങ് ഓഫീസറും മേജറും ഉൾപ്പടെയുള്ള സൈനികർക്കെതിരെയാണ് കേസ്.
കിഷ്‌ത്വാറിലെ അഥോലി പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ചു കയറി സ്‌റ്റേഷന് അകത്തുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്‌ഥരെയും പോലീസ് ഉദ്യോഗസ്‌ഥരെയും മർദ്ദിച്ചതിന് 17 രാഷ്‌ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫീസർ കേണൽ എൻ. അരുൺ ഗാന്ധി, മേജർ വികാസ് ശർമ, നായിബ് സുബേദാർ ശങ്കർ ഗുർഖെ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 40 സൈനികർക്ക് എതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ് കുമാർ ഭഗത്, അഥോലി പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസർ അമൃത് കടോച്ച് എന്നിവർ ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥർക്കാണ് സൈനികരുടെ മർദ്ദനമേറ്റത്.
അസിസ്‌റ്റന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ സൈന്യത്തിന്റെ ഒരു വാഹനം പിടിച്ചെടുത്തതിനെ തുടർന്നാണ് സൈനികർ പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ചു കയറിയത്. ആക്രമണ സമയത്ത് അവിടെയുണ്ടായിരുന്ന എആർടിഒയെയും അദ്ദേഹത്തിന്റെ പഴ്‌സണൽ സെക്യൂരിറ്റി ഓഫീസർമാരെയും സൈന്യം മർദ്ദിച്ചതായും വാഹനങ്ങൾ തകർത്തതായും എഫ്‌ഐആറിൽ പറയുന്നു.
Most Read| വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ



































