തിരുവനന്തപുരം: ആറ്റുകാലിൽ 27-കാരി ജീവനൊടുക്കിയതിന് പിന്നിൽ ഭർത്താവിന്റെ പീഡനമെന്ന് പരാതി. ഭർത്താവ് അതുൽ ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്‌ക്ക് അയച്ചു നൽകിയതിന് ശേഷമാണ് യുവതി ജീവനൊടുക്കിയത്. അതുലിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ആറ്റുകാലിൽ വാടകയ്‌ക്ക് താമസിക്കുന്ന വർക്കല സ്വദേശിനി ആരതിയെയാണ് ഇന്നലെ രാത്രി വീടിനുള്ളിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. അതുൽ ആരതിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. ഇന്നലെ രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അതുൽ വീടിന് പുറത്തിരിക്കുമ്പോഴാണ് ആരതി ജീവനൊടുക്കിയത്.
അതുൽ തന്നെയാണ് ഇക്കാര്യം സുഹൃത്തിനെയും പോലീസിനോടും വിളിച്ചറിയിച്ചത്. പോലീസെത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃപീഡനം ചൂണ്ടിക്കാട്ടി ആരതിയുടെ അമ്മ ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ഇന്നലെ വൈകീട്ട് 5.45ന് ആരതി അമ്മയെ ഫോണിൽ വിളിച്ചു വീട്ടിലെ പ്രശ്‌നങ്ങൾ പറഞ്ഞിരുന്നു. തുടർന്ന് ആത്‍മഹത്യാ കുറിപ്പ് എഴുതിവെക്കുകയും ചെയ്‌തു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒന്നരവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. 50 പവനോളം സ്വർണം സ്‌ത്രീധനമായി നൽകിയാണ് വിവാഹം നടത്തിയത്.
ഈ സ്വർണം അതുൽ പണയംവെച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. കൂടുതൽ പണം ആവശ്യപ്പെട്ട് അതുൽ ആരതിയുമായി വഴക്കുണ്ടാക്കിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. അതുലിന് മറ്റു പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നു എന്നും ഇതും വഴക്കിന് കാരണമായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അടുത്തിടെ ആരതിയുടെ സ്വർണം വിറ്റ് അതുൽ ഒരു വാഹനം വാങ്ങുകയും ചെയ്‌തിരുന്നു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു






































