പാലക്കാട്: തൃശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ പ്രദേശവാസികൾക്ക് സൗജന്യം നൽകില്ലെന്ന നിലപാടിൽ നിന്ന് നിർമാണ കമ്പനി പിൻമാറി. ടോൾ പ്ളാസയ്ക്ക് 7.5 പരിധിക്കുള്ളിലെ എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കും. ടോൾ വിഷയത്തിൽ വർഷങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ പരിഹാരമായത്.
അഞ്ച് പഞ്ചായത്തുകളിലെ താമസക്കാർക്കാണ് തീരുമാനം ഉപകരിക്കുക. ഇന്ന് മുതൽ നാല് ചക്ര ഓട്ടോറിക്ഷകൾക്കും സൗജന്യം അനുവദിക്കും. പന്നിയങ്കരയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കലക്ടർ കെ. സുധീറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
പ്രധാന തീരുമാനങ്ങൾ
- വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലായി 7.5 കിലോമീറ്റർ പരിധിക്കുള്ളിൽ വരുന്ന താമസക്കാരുടെ പുതിയ വാഹനങ്ങൾക്കും സെക്കൻഡ് ഹാൻഡ് വാഹനങ്ങൾക്കും സൗജന്യ ടോൾ പാസ് അനുവദിക്കും.
- നിലവിൽ സൗജന്യ ടോൾ പാസ് ലഭിച്ചിട്ടുള്ള വാഹന ഉടമകൾക്ക് മൂന്നുമാസത്തിലൊരിക്കൽ പാസ് പുതുക്കണമെന്ന നിബന്ധന ഒഴിവാക്കും. ആവശ്യമായ രേഖകൾ ഒരുതവണ സമർപ്പിച്ചാൽ മതി.
- നാല് ചക്ര വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓട്ടോറിക്ഷകളെയും സാധാരണ ഓട്ടോറിക്ഷകളായി പരിഗണിച്ചു സൗജന്യ ടോൾ പാസ് അനുവദിക്കും.
- ദേശീയപാത 544ലെ സർവീസ് റോഡുകളുടെയും മേൽപ്പാലങ്ങളുടെയും നിർമാണം വേഗത്തിലാകും.
- വടക്കഞ്ചേരി മേൽപ്പാലത്തിലെ നിർമാണ പ്രവർത്തനങ്ങൾ 15 ദിവസത്തിനകം പൂർത്തിയാക്കും.
- നിരന്തരം അപകടം ഉണ്ടാകുന്ന ദേശീയപാത അഞ്ചുമൂർത്തിമംഗലം ഭാഗത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസ് ബേയും ഷെൽട്ടറും സ്ഥാപിക്കും.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ



































