ടെഹ്റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ നടത്തിയ ആക്രമണത്തിന് തുടർച്ചയായ രണ്ടാം ദിനവും തിരിച്ചടി നൽകി യുഎസ് സൈന്യം. ഇറാന്റെ പത്ത് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ശനിയാഴ്ചയും മേഖലയിൽ സംഘർഷമുണ്ടായിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെ നീങ്ങിയ പനാമ പതാകയേന്തിയ കികു എന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് മറുപടിയായാണ് യുഎസ് ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചത്.
ഇറാന്റെ നിരീക്ഷണ സംവിധാനങ്ങൾ, കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഡ്രോൺ ശേഖരണ കേന്ദ്രങ്ങൾ, മൈൻ ലെയർ സൗകര്യങ്ങൾ എന്നിവ ഉൾപ്പടെയുള്ള തന്ത്രപ്രധാനമായ പത്ത് കേന്ദ്രങ്ങളെയാണ് അമേരിക്ക ലക്ഷ്യംവെച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അതിനിടെ, ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ”ന്യായവും നീതിയും നോക്കി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. ഞങ്ങൾ വിജയകരമായി തുടങ്ങിയ ജോലി പൂർത്തിയാക്കാൻ യുഎസ് സൈന്യവും നിർബന്ധിതരാകും. അങ്ങനെയുണ്ടായാൽ ഇറാൻ ഇനി ബാക്കിയുണ്ടാവില്ല”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
എന്നാൽ, യുഎസിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് പ്രതികരിച്ചു. വരും ദിവസങ്ങളിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ നരകമാക്കി മാറ്റുമെന്നും യുഎസ് ആക്രമണത്തിനുള്ള മറുപടിയായി കുവൈത്തിലും ബഹ്റൈനിലും ആക്രമണം നടത്തിയെന്നും ഐആർജിസി അറിയിച്ചു.
തുടർച്ചയായ രണ്ടാം ദിനവും യുഎസും ഇറാനും ആക്രമണങ്ങൾ തുടരുകയാണ്. നിലവിൽ മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ, ഒരാഴ്ച പിന്നിടുന്ന ഇറാൻ-യുഎസ് ധാരണാപത്രത്തിന്റെ ഭാവി സംബന്ധിച്ച് ആശങ്ക ഉയരുന്നുണ്ട്. അന്തിമ കരാറിലേക്ക് എത്തുന്നതിനായുള്ള രണ്ടാംഘട്ട ചർച്ച ഇന്നോ നാളെയോ നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം







































