പത്തനംതിട്ട: കൂടലിൽ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ വ്യാജ പരാതിയിൽ പോലീസ് കസ്‌റ്റഡിയിലെടുത്ത് മർദ്ദിച്ച യുവാവ് നിയമനടപടിക്ക്. കൂടൽ പോലീസ് എസ്‌ഐക്കെതിരെ യുവാവ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.
പത്തനാപുരത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട പാടം സ്വദേശിയായ യുവാവാണ് കൂടൽ പോലീസ് എസ്‌ഐ ജയ്‌മോഹനും സംഘത്തിനുമെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകിയത്. ഹൃദയസംബന്ധമായ ശസ്‌ത്രക്രിയ കഴിഞ്ഞ് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളോടെ കഴിയുകയാണെന്ന് യുവാവ് പരാതിയിൽ പറയുന്നു.
ജൂലൈ മൂന്നാം തീയതി രാത്രി എട്ടുമണിയോടെ സിവിൽ വേഷത്തിലെത്തിയ കൂടൽ എസ്‌ഐയും സംഘവും, പത്തനാപുരത്തെ വാടക വീട്ടിൽ അതിക്രമിച്ചുകയറി ബലപ്രയോഗത്തിലൂടെ എന്നെയും സഹോദരനെയും ഒരു വാഗണറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പോലീസ് യൂണിഫോമോ ഔദ്യോഗിക വാഹനമോ ഇല്ലാതെയായിരുന്നു ഈ അതിക്രമം.
സ്‌റ്റേഷനിൽ എത്തിച്ച ശേഷം തനിക്ക് യാതൊരു അറിവുമില്ലാത്ത സംഭവത്തിൽ ക്രൂരമായ ചോദ്യം ചെയ്യലും മർദ്ദനവുമാണ് നേരിടേണ്ടി വന്നതെന്ന് യുവാവ് പരാതിയിൽ പറയുന്നു. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരൽ ഉപയോഗിച്ച് കാൽപ്പാദത്തിൽ അടിച്ചു. കാലിന് മുകളിൽ ബൂട്ടിട്ട് ചവിട്ടി. ചെവിയിലും മുടിയിലും പിടിച്ചു വലിച്ചു. രാവിലെ എണീക്കാൻ പോലും പറ്റിയില്ല. പിടിച്ചു കൊണ്ടുപോകുമ്പോൾ എന്താണ് കേസെന്ന പോലും എനിക്ക് അറിയില്ലായിരുന്നുവെന്നും യുവാവ് പറയുന്നു.
സംഭവത്തിൽ, കൂടൽ പോലീസ് സ്‌റ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് പ്രതിഷേധിക്കും. കൊടുമൺ ഡിവൈഎഫ്ഐ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചയ്‌ക്ക് 12 മണിക്ക് പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തും.
സ്‌കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരങ്ങൾ പുറത്തു പറഞ്ഞത്. പത്തിലധികം പേർ തന്നെ പീഡിപ്പിച്ചുവെന്നും ഇതിൽ ആറുപേർ സഹപാഠികളാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്. സ്‌കൂളിന് സമീപത്ത് വച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം എന്നാണ് പെൺകുട്ടി മൊഴി നൽകിയത്.
എന്നാൽ, വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞു. കാമുകനുമായി പിരിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ഇത്തരത്തിൽ വ്യാജ പരാതി ഉന്നയിച്ചതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ കസ്‌റ്റഡിയിലെടുത്ത ആറുപേരെ പോലീസ് വിട്ടയച്ചിരുന്നു. വൈദ്യപരിശോധനാ ഫലം ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയും ചെയ്‌തു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































