മ്യാൻമർ തീരത്ത് ബോട്ടുകൾ മുങ്ങി; 500 റോഹിങ്ക്യന്‍ അഭയാർഥികൾ മരിച്ചു

യുഎൻ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച്, ജൂൺ അവസാന വാരമാണ് രണ്ട് ബോട്ടുകളും മ്യാൻമറിൽ നിന്ന് യാത്ര തിരിച്ചത്.

By Senior Reporter, Malabar News
Myanmar Boat tragedy
Representational image

നെയ്‌പീദോ: മ്യാൻമർ തീരത്ത് രണ്ട് വ്യത്യസ്‌ത ബോട്ട് അപകടങ്ങളിൽ 500ലധികം പേർ മരിച്ചതായി ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു. റോഹിങ്ക്യന്‍ അഭയാർഥികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ കൃത്യമായ വിവരങ്ങളും മരണസഖ്യയും ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.

യുഎൻ ഏജൻസികൾ നൽകുന്ന വിവരമനുസരിച്ച്, ജൂൺ അവസാന വാരമാണ് രണ്ട് ബോട്ടുകളും മ്യാൻമറിൽ നിന്ന് യാത്ര തിരിച്ചത്. 250ഓളം യാത്രക്കാരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര തിരിച്ച് അധികം വൈകാതെ തന്നെ നഷ്‌ടപ്പെട്ടിരുന്നു. തുടർന്ന് 280 യാത്രക്കാരുമായി പോയ രണ്ടാമത്തെ ബോട്ട് ജൂലൈ എട്ടിന് മ്യാൻമറിൽ ഇരാവതി തീരത്തിനടുത്ത് വെച്ച് കടലിൽ മറിഞ്ഞതായാണ് കരുതപ്പെടുന്നത്.

സാധാരണയായി കടൽയാത്രകൾക്ക് അനുയോജ്യമല്ലാത്ത പ്രതികൂല കാലാവസ്‌ഥയുള്ള സമയത്താണ് ബോട്ടുകൾ യാത്ര തിരിച്ചത്. ഇത് അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു. മ്യാൻമാർ സുരക്ഷാസേനയുടെ ക്രൂരമായ അക്രമങ്ങളെ തുടർന്ന് പലായനം ചെയ്‌ത 12 ലക്ഷത്തോളം വരുന്ന റോഹിങ്ക്യന്‍ അഭയാർഥികൾ നിലവിൽ ബംഗ്ളാദേശിലെ അതീവ ദുരിതം നിറഞ്ഞ ക്യാമ്പുകളിലാണ് കഴിയുന്നത്.

അമേരിക്ക ഉൾപ്പടെയുള്ള വിവിധ വിദേശ രാജ്യങ്ങൾ സഹായധനം വെട്ടിക്കുറച്ചതോടെ ക്യാമ്പുകളിലെ റേഷൻ വിതരണം ഉൾപ്പടെ പ്രതിസന്ധിയിലായിട്ടുണ്ട്. 2017ൽ മ്യാൻമർ സൈന്യം രാഖൈൻ സംസ്‌ഥാനത്ത്‌ നടത്തിയ വംശഹത്യയെ തുടർന്ന് സ്വന്തം നാട്ടിലേക്ക് സുരക്ഷിതമായി മടങ്ങാൻ ഇവർക്ക് കഴിയില്ല. നിലവിൽ മ്യാൻമറിൽ അവശേഷിക്കുന്ന റോഹിങ്ക്യകൾ തടങ്കൽ പാളയങ്ങൾക്ക് സമാനമായ കടുത്ത നിയന്ത്രണങ്ങൾ നേരിടുകയാണ്.

ഇവിടെ സൈന്യവും പ്രാദേശിക സായുധ സംഘങ്ങളും തമ്മിലുള്ള ആഭ്യന്തര യുദ്ധം രൂക്ഷമായതോടെയാണ് ജീവൻ നിലനിർത്താനായി കുട്ടികളും ഗർഭിണികളും അടങ്ങുന്ന മനുഷ്യർ ജീർണിച്ച ബോട്ടുകളിൽ ഒട്ടും സുരക്ഷയില്ലാതെ മലേഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് അപകടകരമായ കടൽമാർഗം തിരഞ്ഞെടുക്കുന്നത്.

ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2025ൽ മാത്രം 900ത്തോളം റോഹിങ്ക്യന്‍ അഭയാർഥികളെയാണ് മരിക്കുകയോ കാണാതാവുകയോ ചെയ്‌തത്‌. 2026ന്റെ ആദ്യ പകുതിയിൽ മാത്രം റോഹിങ്ക്യന്‍ അഭയാർഥികളും ബംഗ്ളാദേശ് പൗരൻമാരും അടങ്ങുന്ന മൂന്നൂറോളം പേരെ ഇതേ കടൽ മേഖലകളിൽ കാണാതായിട്ടുണ്ടെന്നും ഐക്യരാഷ്‌ട്ര സംഘടന പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

Most Read| 11 തവണ എവറസ്‌റ്റ് കീഴടക്കി; ജീവിതം ഒരു പോരാട്ടമാക്കിയ ‘മൗണ്ടൻ ക്വീൻ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE