തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പീക്ക് സമയങ്ങളിൽ ഭാഗികമായി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ചു ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമ്മീഷൻ നാളെ അടിയന്തര യോഗം ചേരും. പീക്ക് സമയങ്ങളിലെ ഉപയോഗത്തിനായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ 3.93 നിരക്കിൽ വൈദ്യുതി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈയിൽ തന്നെ വൈദ്യുതി ലഭ്യമാകുന്ന തരത്തിൽ 200 മെഗാവാട്ടിന്റെ ഈ കരാർ വേഗത്തിൽ ഉറപ്പിക്കാനാണ് കമ്മീഷന്റെ നീക്കം.
കൂടാതെ, എൻടിപിസിയിൽ നിന്ന് മറ്റൊരു 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ കെഎസ്ഇബി അനുമതി തേടിയിട്ടുണ്ട്. കഴിഞ്ഞദിവസം ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി രണ്ട് ഘട്ടങ്ങളിലായി ഒരുമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗവും രേഖപ്പെടുത്തി. 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് ഇന്നലെ ഉണ്ടായത്.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം




































