കോട്ടയം: പ്‌ളീഡർ നിയമന വിവാദത്തിൽ പ്രതികരിച്ചു എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ. കെഎസ്‌യു പ്രവർത്തകർക്ക് സങ്കടമുണ്ടാകുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്നും വേണുഗോപാൽ വ്യക്‌തമാക്കി.
ഉമ്മൻചാണ്ടി അനുസ്‌മര യോഗത്തിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി. ആദ്യം പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കണം. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സർക്കാരാണിത്. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങൾ ഉണ്ടാകരുത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കും. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാകുന്ന കാര്യങ്ങൾ ആരും ചെയ്യരുതെന്നും കെസി പറഞ്ഞു.
സർക്കാർ പ്‌ളീഡർ നിയമനത്തിൽ മുൻ എസ്എഫ്ഐ-എബിവിപി നേതാക്കളെ നിയമിച്ചെന്ന കെഎസ്‌യുവിന്റെ പരാതി മുഖ്യമന്ത്രി വിഡി സതീശൻ തള്ളിയതാണ് വിവാദങ്ങൾക്കിടയായത്. തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് കമ്മിറ്റി, പ്‌ളീഡർ നിയമനത്തിൽ ഉന്നയിച്ച ആക്ഷേപങ്ങളോട് മുഖ്യമന്ത്രി നടത്തിയ പരിഹാസരൂപേണയുള്ള പ്രതികരണം കെഎസ്‌യു പ്രവർത്തകർക്കിടയിൽ വലിയ അതൃപ്‌തി ഉണ്ടാക്കിയിരുന്നു.
പ്‌ളീഡർമാരുടെ കാര്യം തീരുമാനിക്കുന്നത് യൂണിറ്റ് കമ്മിറ്റിയാണോ എന്നും അവർക്ക് ഇതിൽ എന്ത് റോളാണ് ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്‌ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ പോസ്‌റ്റ് പങ്കുവെക്കുകയും മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതൃപ്‌തി അറിയിക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി ലഭിച്ചിരുന്നില്ല.
ഇതിന് പിന്നാലെ കഴിഞ്ഞദിവസം തേവര കോളേജിൽ നടന്ന പരിപാടിക്കിടെ അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി വിഡി സതീശൻ മുഖംകൊടുക്കാതെ നടന്നുപോയതും വിവാദമായി. പ്രസംഗം കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങവേ കാണാൻ കാത്തുനിന്ന അലോഷ്യസിനെ ശ്രദ്ധിക്കാതെ മുഖ്യമന്ത്രി മുഖംതിരിച്ച് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണം: കെസി
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ. വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ വാഗ്‌ദാനവും സമ്മാനവുമായിരുന്നു. അതിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിനേക്കാൾ വലിയ അംഗീകാരം മറ്റൊന്നില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം





































