സ്വകാര്യ മേഖലയിലെ നിർണായക ചുവടുവയ്‌പ്പ്‌; വിക്രം 1 വിക്ഷേപണം വിജയം

രാജ്യത്തെ ആദ്യ സ്വകാര്യ നിർമ്മിത ഓർബിറ്റൽ ക്ളാസ് റോക്കറ്റ് വിക്രം 1 ഇന്ന് 12.05ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്. 'ആഗമൻ' എന്ന പേരിട്ടിരിക്കുന്ന ഈ ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണ്.

By Senior Reporter, Malabar News
India's first private orbital rocket Vikram-1
Orbital Rocket Vikram-1 (Image Courtesy: The Hindu)

ന്യൂഡെൽഹി: ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിൽ നിർണായക ചുവടുവെപ്പായി വിക്രം 1 വിക്ഷേപണം. രാജ്യത്തെ ആദ്യ സ്വകാര്യ നിർമ്മിത ഓർബിറ്റൽ ക്ളാസ് റോക്കറ്റ് വിക്രം 1ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായി.

ഹൈദരാബാദ് ആസ്‌ഥാനമായുള്ള മുൻനിര സ്‌പേസ്‌ ടെക് സ്‌റ്റാർട്ടപ്പായ സ്‌കൈറൂട്ട് എയറോസ്‌പേസ്‌ വികസിപ്പിച്ച റോക്കറ്റ് 12.05ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്. രാവിലെ 11.30നായിരുന്നു റോക്കറ്റ് വിക്ഷേപിക്കേണ്ടിയിരുന്നത്. എന്നാൽ, അവസാനനിമിഷം സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് കൗൺഡൗൺ നിർത്തിവെച്ചിരുന്നു.

‘ആഗമൻ’ എന്ന പേരിട്ടിരിക്കുന്ന ഈ ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണ്. കാർബൺ കോമ്പോസിറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഒരു മൾട്ടി- സ്‌റ്റേജ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിളാണ് ഏകദേശം ഏഴ് നില കെട്ടിടത്തിന്റെ ഉയരമുള്ള വിക്രം 1. ഭൂമിയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ലോ എർത്ത് ഓർബിറ്റിലേക്ക് 350 കിലോവരെ ഭാരമുള്ള പേലോഡുകൾ എത്തിക്കാൻ ഈ റോക്കറ്റിന് സാധിക്കും.

ബെംഗളൂരു ആസ്‌ഥാനമായ സ്‌റ്റാർട്ടപ്പ് ഗ്രഹാ സ്‌പെയ്‌സിന്റെ സോളാരസ് എസ് 3, ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സ്‌റ്റാർട്ടപ്പായ കോസ്‌മോവേഴ്‌സ് സ്‌പെയ്‌സിന്റെ എമ്പ്രേസ്, സ്‌കൈറൂട്ടിന്റെ സ്വന്തം സ്‌കോപ്പ്‌ സാറ്റ് എന്നീ പേലോഡുകൾ ഈ ദൗത്യത്തിന്റെ ഭാഗമാണ്.

വിക്രം സാരാഭായ്‌യുടെയും സിവി രാമന്റെയും ഡോ. എപിജെ അബ്‌ദുൾ കലാമിന്റെയും ചെറു പ്രതിമകളും ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്. ഒരു അരിമണിയേക്കാൾ ചെറുതാണ് ശിൽപ്പങ്ങൾ. ലാബ് നിർമിത ആഭരണവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കം ആശംസാ കാർഡുകളും കൂടി റോക്കറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മൂന്ന് ഖര ഇന്ധന ജ്വലന ഘട്ടങ്ങളും അവസാനമായി ഒരു ദ്രാവക ഇന്ധന ഓർബിറ്റൽ അഡ്‌ജസ്‌റ്റ്‌മെന്റ് മൊഡ്യൂളുമാണ് വിക്രം 1ലുള്ളത്. 15 മിനിറ്റും 46 സെക്കൻഡും കൊണ്ട് റോക്കറ്റ് ദൗത്യം പൂർത്തിയാക്കും. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായ്‌യുടെ ബഹുമാനാർഥമാണ് റോക്കറ്റിന് വിക്രം എന്ന് പേര് നൽകിയത്.

ദൗത്യം പൂർണമായും വിജയമായാലും ഭാവിയിൽ ചെറുകിട ഉപഗ്രഹങ്ങളെ വേഗത്തിലും കുറഞ്ഞ ചെലവിലും ഭ്രമണപഥത്തിലേക്കുന്നതിൽ ഇത് നിർണായകമാകും. 2022 നവംബറിൽ നടന്ന സ്‌കൈറൂട്ടിന്റെ വിജയകരമായ വിക്രം-എസ് സബ്ഓർബിറ്റൽ ദൗത്യത്തെ തുടർന്നാണ് മിഷൻ ആഗമൻ ദൗത്യത്തിന് കമ്പനി ഒരുങ്ങിയത്. മിഷൻ ആഗമൻ ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ വ്യവസായ രംഗത്തിന് വലിയ മുതൽക്കൂട്ടാകും.

സ്വകാര്യ കമ്പനികൾക്ക് ഇന്ത്യൻ മണ്ണിൽ നിന്ന് ഓർബിറ്റൽ-ക്ളാസ് റോക്കറ്റുകൾ നിർമിക്കാനും വിക്ഷേപിക്കാനുമുള്ള കഴിവ് ഇതോടെ തെളിയിക്കപ്പെടും. അതിവേഗം വളരുന്ന ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ സ്‌ഥാനം ഇതോടെ ശക്‌തിപ്പെടും. ഐഎസ്ആർഒയോടൊപ്പം സ്വകര്യ സംരംഭങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ സാന്നിധ്യം ശക്‌തമാക്കുന്ന പുതിയ യുഗത്തിന് ഇതോടെ തുടക്കം കുറിക്കുമെന്നും ശാസ്‌ത്രലോകം വിലയിരുത്തുന്നു.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE